തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്. വിധി യുദ്ധം ചെയ്തു നടപ്പാക്കാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ല. രാഷ്ട്രീയ മുതലെടുപ്പിനാണ് മറ്റ് പാർട്ടികൾ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
രണ്ടാം വിമോചന സമരത്തിനുള്ള കോൺഗ്രസ് ശ്രമം വിലപ്പോവില്ല. കോൺഗ്രസ് നിലപാട് പുരോഗമനപരമല്ല. എഐസിസി തീരുമാനം അംഗീകരിക്കാത്ത കെപിസിസിയെ പിരിച്ചുവിടണം. ഹിന്ദു വർഗീയവാദികളുടെ കയ്യിലാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു.
സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി സമവായമുണ്ടാക്കാനാണ് സർക്കാർ ശ്രമം. ഇതുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.