പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകൾ സിപിഎമ്മിനെയും എൽഡിഎഫിനെയും വൻതകർച്ചയിലെത്തിച്ചെന്ന അഭിപ്രായവുമായി കൂടുതൽ ഘടകങ്ങൾ രംഗത്ത്.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കൂടിയ കമ്മിറ്റികളിലേറെയും മുഖ്യമന്ത്രിയുടെ നിലപാടുകളെയാണ് രൂക്ഷമായി വിമർശിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പരസ്യപ്രതികരണം നടത്തിയത് നേതൃത്വത്തിന് വൻ തിരിച്ചടിയായി.
കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അടിയന്തര തിരുത്തലുകൾ വേണമെന്നാവശ്യമാണ് ഏരിയ, ലോക്കൽ ഘടകങ്ങളിൽ നിന്നുയരുന്നത്. പാർട്ടി ശക്തികേന്ദ്രങ്ങളിൽപോലും ബിജെപിക്കും പിന്നിലായ എൽഡിഎഫിന് ഒരു തിരിച്ചുവരവിന് കളമൊരുങ്ങണമെങ്കിൽ നേതൃത്വം ഇടപെട്ട് പാർട്ടി നയപരിപാടികൾ തന്നെ മാറ്റേണ്ടിവരുമെന്ന അഭിപ്രായമാണ് കോന്നി മേഖലയിലെ വിവിധ ലോക്കൽ കമ്മിറ്റികൾക്കുള്ളത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ തന്റെ പഴയനിലപാടുകൾ പരസ്യമായി ആവർത്തിച്ച് രംഗത്തെത്തുകയായിരുന്നു. സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും പത്മകുമാറിന്റെ വിമർശനങ്ങൾ പ്രതിരോധത്തിലാഴ്ത്തിയെന്നാണ് വിലയിരുത്തൽ.
നേരത്തെ സെക്രട്ടേറിയറ്റിൽ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ ശബരിമല നിലപാട് വിശ്വാസികളെ പാർട്ടിയിൽ നിന്നകറ്റിയിട്ടുണ്ടാകാമെന്ന അഭിപ്രായം മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഏറെ നാളുകൾക്കുശേഷം ചർച്ചയിൽ സജീവമായി ഇടപെട്ട പത്മകുമാർ ശബരിമലയുമായി ബന്ധപ്പെട്ട് മുന്പ് താൻ പറഞ്ഞത് ശരിയായിരുന്നുവെന്നാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പരാജയം കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ പാർട്ടി നിലപാടിൽ നിന്ന് തുടക്കത്തിൽ വ്യതിചലിച്ച പത്മകുമാർ സിപിഎമ്മിൽ ഒറ്റപ്പെട്ടതോടെ പാർട്ടിലൈനിലേക്കു തിരികെയെത്തുകയായിരുന്നു. വിശ്വാസത്തിനുമേൽ കടന്നുകയറാൻ സർക്കാരും സിപിഎമ്മും ശ്രമിക്കുന്നുവെന്ന ധാരണയാണ് പരാജയത്തിനു കാരണമായതെന്നും പത്മകുമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാടിനെ പാർട്ടി, സർക്കാർ നേതൃത്വം നേരത്തെ തള്ളിയിരുന്നു.
പത്മകുമാറിനോട് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതോടെ അദ്ദേഹം നിശബ്ദനായിരുന്നു.എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് പത്മകുമാർ നടത്തിയ ശക്തമായ പ്രതികരണം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. പരാമർശങ്ങൾ അതിരുകടന്നെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. എന്നാൽ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ കണ്ടെത്തൽ പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പത്മകുമാർ പറയുന്നു.
നേരത്തെ സിപിഎം കോന്നി ഏരിയാ കമ്മിറ്റി ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപടാണ് കനത്ത പരാജയത്തിനു കാരണമായതെന്ന് വിലയിരുത്തിയിരുന്നു. സംസ്ഥാന സമിതിയംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ വിലയിരുത്തലുകളെ അതേപടി അംഗീകരിക്കാൻ നേതൃത്വം തയാറായിട്ടില്ല.
സിപിഎം പിന്നിലായ പഞ്ചായത്തുകളിലെ ലോക്കൽ കമ്മിറ്റികളിലും ശബരിമല നിലപാടിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്കും പിന്നിലായ പാർട്ടിഘടകങ്ങളോടു വിശദീകരണം ആരാഞ്ഞതോടെയാണ് തങ്ങളുടെ നിലനില്പിനു വേണ്ടി ശബരിമല നിലപാടുകളെ വിമർശിച്ച് രംഗത്തെത്തുന്നതെന്ന ആക്ഷേപവുമുണ്ട്.