കരമന: ശബരിമല വിഷയത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിൽ റിസർവ് ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ വീട് അടിച്ചുതകർത്ത ആർഎസ്എസുകാരൻ പിടിയിൽ. പാപ്പനംകോട് ടെലി നഗർ ടിഎൻആർഎ 9 ൽ താമസിക്കുന്ന നാരായണൻ എന്നയാളുടെ വീട് അടിച്ചു തകർത്ത കേസിൽ കിഴക്കേവിള സ്വദേശി അനിൽ (31 , കൊച്ചനി) നെയാണ് കരമന എസ്ഐ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിനായിരുന്നു സംഭവം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാരായണൻ ഫേസ് ബുക്കിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റ് ഇട്ടിരുന്നു.ഇതിൽ പ്രകോപിതനായ അനിൽ രാത്രി 12 ഓടെ നാരായണൻ കുടുംബമായി താമസിക്കുന്ന പാപ്പനംകോട് ടെലി നഗറിലെ വീട്ടിൽ എത്തി അസഭ്യം പറഞ്ഞ് ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരമന പോലീസ് സബ് ഇൻസ്പെക്ടർ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്സിപിഒ വിവേക്, സിപിഒ അഭിലാഷ്, രാജ്യലക്ഷ്മൺ എന്നിവർ ആളൊഴിഞ്ഞ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കീഴടക്കുകയായിരുന്നു.
പ്രതിക്കെതിരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിനും വീട് തകർത്തതിനും കരമന പോലീസ് കേസെടുത്തു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയായ അനിൽ മുൻപ് സിപിഎമ്മിന്റെ ഫ്ളക്സ് തകർത്ത കേസിലും പ്രതിയാണ്.