ശബരിമല: ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വീണ്ടും പാളി. സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് ഇന്നലെ മുതല്‍ തീര്‍ഥാടന വഴികളിലേക്കും നീണ്ടു. സന്നിധാനത്തെ തിരക്ക് നിയന്ത്രണത്തിനായി കാനനപാതകളിലടക്കം വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ തീര്‍ഥാടകര്‍ ഏറെ ദുരിതത്തിലായി.
പമ്പയിലേക്കുള്ള പാതകളില്‍ മുന്നറിയിപ്പില്ലാതെ ഇന്നലെ രാത്രിയും വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകളടക്കം ഇതുകാരണം മണിക്കൂറുകളോളം വഴിയില്‍ കിടന്നു. കാനനപാതകളില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ തീര്‍ഥാടകര്‍ കാത്തുകിടക്കേണ്ടിവന്നത് മണിക്കൂറുകള്‍.
ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും പ്രതിഷേധം രൂക്ഷമായി. നിലയ്ക്കല്‍ ഇടത്താവളത്തിലും തീര്‍ഥാടകരുടെ തിരക്കാണ്. തിരക്കു കാരണം കെഎസ്ആര്‍ടിസി സര്‍വീസുകളും അലങ്കോലപ്പെട്ടു. ദീര്‍ഘദൂര ബസുകളടക്കം വഴിയില്‍ കുടുങ്ങിയതോടെ പമ്പ സ്പെഷല്‍ സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിനു തടസം നേരിട്ടിരിക്കുകയാണ്.
ഗതാഗതക്കുരുക്കിലും നിയന്ത്രണങ്ങളിലും പെട്ട് പമ്പ സ്പെഷല്‍ സര്‍വീസിന്റെ ഇരുനൂറോളം ബസുകള്‍ വഴിയില്‍ കുടുങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് പോലും ഇന്നലെ താറുമാറായി. ദര്‍ശനം കഴിഞ്ഞ് ഇറങ്ങിയ തീര്‍ഥാടകരെ നിലയ്ക്കലിലേക്ക് തിരികെ എത്തിക്കാന്‍ ആവശ്യാനുസരണം ബസുകളുണ്ടായില്ല. വന്‍ തിരക്കാണ് ബസുകളില്‍ ഉണ്ടായത്.
പമ്പയിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താറുമാറായി. ദീര്‍ഘദൂര ബസുകളടക്കം വഴിയില്‍ കുടുങ്ങിയതോടെ മടക്കയാത്രയ്ക്ക് ബസില്ലാതായി. വിവിധ ഡിപ്പോകളില്‍ നിന്നായി പമ്പയിലേക്ക് 240 ബസുകള്‍ കെഎസ്ആര്‍ടിസി പമ്പയിലേക്ക് നടത്തുന്നുണ്ട്.
ഇവയില്‍ പകുതിയിലധികവും വഴിയില്‍ കാത്തു കിടക്കേണ്ടിവന്നു. ഇതോടെ ജീവനക്കാര്‍ക്കും അധിക ഡ്യൂട്ടിയായി. ജീവനക്കാരുടെ അമിതജോലി ഭാരം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക പോലീസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറക്കമൊഴിഞ്ഞ് ഒരു ദിവസത്തിലേറെയാണ് പലരും ജോലിയെടുക്കുന്നത്.