തിരുവനന്തപുരം: മുൻകൂർ അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ബിന്ദുവും കനകദുർഗയും ശബരിമല പ്രവേശനം നടത്തിയത്. ആഭ്യന്തര വകുപ്പ് ഉന്നതർക്കും പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും മാത്രമറിയാമായിരുന്ന ഈ വിവരം അതീവ രഹസ്യമാക്കി സൂക്ഷിക്കാൻ കഴിഞ്ഞതാണു ദർശനം എളുപ്പത്തിലാക്കിയതെന്നാണ് ഉന്നതതല നിരീക്ഷണം.
ശബരിമല ദർശനത്തിനായി രണ്ടാംതവണ അനുമതി നൽകിയ ബിന്ദുവിനും കനകദുർഗയ്ക്കും വനിതാ മതിലിന്റെ തൊട്ടടുത്ത ദിവസമായ ജനുവരി രണ്ടിനു ദർശനത്തിന് അനുമതി നൽകുകയായിരുന്നു. ആഭ്യന്തര വകുപ്പിലെയും പോലീസിലെയും ഉന്നതർ ഏറെ ചർച്ച നടത്തിയാണു തീയതി നിശ്ചയിച്ചത്.
ശബരിമല ദർശനത്തിന് അനുമതി നൽകിയ വിവരം ഡിസംബർ 30ന് ഇവരെ അറിയിച്ചു. നേരത്തേ ശബരിമല ദർശനം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ട സംഘം രണ്ടാമതു നൽകിയ അപേക്ഷയിലാണ് ദർശനത്തിന് അനുമതി നൽകിയത്. മുമ്പ് ഇവർ ദർശനത്തിനു ശ്രമിച്ചപ്പോൾ മുൻകൂട്ടി അറിയിക്കുകയും മാധ്യമങ്ങളിലൂടെ പരസ്യമാവുകയും ചെയ്തതിനെത്തുടർന്നാണു പ്രതിഷേധം ഉയരുകയും മടങ്ങേണ്ടി വരികയും ചെയ്തത്.
എന്നാൽ, ഇക്കുറി വിവരങ്ങളൊന്നും പുറത്തുവിടാതിരുന്നതുമൂലം ദർശനത്തിനെത്തിയ സ്ത്രീകൾക്കു പ്രതിഷേധങ്ങളൊന്നുമില്ലാതെ മല ചവിട്ടാനായി. സന്നിധാനത്തും പമ്പയിലുമുള്ള ഏതാനും ഉയർന്ന ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്ത്രീകളുടെ സന്ദർശന വിവരം അറിഞ്ഞില്ല. കൊച്ചിയിൽ നിന്നെത്തിയ കനകദുർഗയും ബിന്ദുവും ഉൾപ്പെട്ട എട്ടംഗ സംഘത്തെ പമ്പയിൽ നിന്ന് കറുത്ത വേഷം ധരിച്ച മഫ്തി പോലീസിന്റെ അകമ്പടിയോടെ ദർശനത്തിനെത്തിക്കുകയായിരുന്നു. ഇവർക്കു സുരക്ഷയൊരുക്കാൻ ചുമതലപ്പെടുത്തിയ പോലീസുകാരെയും അവസാന സമയത്താണു വിവരം ധരിപ്പിച്ചത്.
ഇവർ ദർശനത്തിന് എത്തിയതു മുതലുള്ള ദൃശ്യങ്ങളെല്ലാം പോലീസ് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. സന്നിധാനത്തെത്തിയ ഇരുവരെയും ദേവസ്വം ജീവനക്കാരും മറ്റും പ്രവേശിക്കുന്ന വഴിയിലൂടെയാണ് ദർശനത്തിനെത്തിച്ചത്. ഒരു ഐജിയുമായി ബന്ധപ്പെട്ടവരാണെന്നു ധരിപ്പിച്ചാണു ജീവനക്കാർക്കുള്ള വാതിൽ സ്ത്രീകൾക്കു പ്രവേശിക്കാനായി ഉപയോഗിച്ചത്.
കഴിഞ്ഞ മാസം 24ന് ശബരിമല സന്ദർശനം നടത്താനെത്തിയവരാണു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും. ഇരുവരും അന്നു പ്രതിഷേധത്തെതുടർന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ, ഇരുവരും വീട്ടിലേക്ക് മടങ്ങിയിരുന്നില്ല. ഇതിനിടെ ഇവരെ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതി വന്നതോടെ താൻ സുരക്ഷാ കാരണങ്ങളാൽ മാറി നിൽക്കുകയാണെന്നറിയിച്ച് ബിന്ദു വീഡിയോയിൽ എത്തി. ഇവർ എവിടെയാണെന്നത് പോലീസും രഹസ്യമാക്കി വച്ചു.
ശബരിമല ദർശനത്തിനു ശേഷവും സുരക്ഷയൊരുക്കിയാണ് ഇവരെ തിരികെക്കൊണ്ടുപോയത്.ശബരിമലയിൽ സുരക്ഷയൊരുക്കുകയെന്നത് പോലീസിന്റെ ജോലിയാണെന്നും സ്ത്രീകളുടെ പ്രായം നോക്കേണ്ടതു പോലീസല്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.