ടി.എസ്. സതീഷ്കുമാർ
ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടന കാലത്തെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് ശബരിമല, പന്പ,നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ ഒാരോ എസ്പിമാരുടെ ചുമതലയിലായിരിക്കും പോലീസിനെ വിന്യസിക്കുന്നത്. മേൽനോട്ടത്തിനായി പന്പയിലും സന്നിധാനത്തും ഓരോ ഐജിമാർക്കും ചുമതല നൽകും. കഴിഞ്ഞവർഷത്തേതുപോലെയാണ് പോലീസിന്റെ ആദ്യഘട്ട സേനാവിന്യാസം തീരുമാനിച്ചിരിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യത്തിൽ സേയയുടെ അംഗബലം വർധിപ്പിക്കാനും ആലോചനയുണ്ട്.
നവംബർ 16 മുതൽ 2019 ജനുവരി 20 വരെയുള്ള തീർഥാടനകാലത്തെ നാലുഘട്ടങ്ങളായി തിരിച്ച് ഓരോ 15 ദിവസത്തേക്കും ഓരോ എസ്പിമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലും സുരക്ഷാചുമലത എസ്പിമാർക്കാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ പി.കെ. മധുവിനാണ് 16 മുതലുള്ള ആദ്യഘട്ടത്തിൽ സന്നിധാനത്തെ ചുമതല.
പന്പയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും നിലയ്ക്കലിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എൻആർഐ സെൽ എസ്്പി വിനോദും, എരുമേലിയിൽ എസ്പി റെജി ജേക്കബും ചുമതല വഹിക്കും. രണ്ടാംഘട്ടത്തിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എസ്പി അജിത് ശബരിമലയിലും, കൊല്ലം റൂറൽ എസ്പി അശോക് പന്പയിലും നിലയ്ക്കലിൽ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ സുകേശനും എരുമേലിയിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്്പി കെ.എം. ആന്റണിക്കുമാണ് ചുമതല.
മൂന്നാംഘട്ടത്തിൽ എറണാകുളം റൂറൽ എസ്്പി രാഹുൽ ആർ. നായർ സന്നിധാനത്തെ ചുമതലയിലുണ്ടാകും. പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ക്രൈംബ്രാഞ്ച്് എസ്പി ഷാജി സുഗുണനാണ് പന്പയുടെ ചുമതല. തിരുവനന്തപുരം ക്രൈം റെക്കോർഡ്്സിലെ എസ്്പി സാബു നിലയ്ക്കലിലും, കോട്ടയം ക്രൈംബ്രാഞ്ച്് എസ്്പി സഖറിയ ജോർജ് എരുമേലിയിലും ചുമതല വഹിക്കും.
മകരവിളക്ക്കാലത്തെ ആദ്യ ടേമിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി ദേവേഷ് കുമാർ ശബരിമലയിലും തിരുവനന്തപുരം ടെലികമ്യൂണിക്കേഷൻ എസ്പി മഞ്ജുനാഥ് പന്പയിലും സ്റ്റേറ്റ് ക്രൈം റെക്കോർഡ് എസ്്പി രാജു നിലയ്ക്കലിലും ട്രീസ തെരേസ ജോണ് എരുമേലിയിലും ചുമതല വഹിക്കും.
സംസ്ഥാന പോലീസിലെ എല്ലാ ഏജൻസികളിലെ ഉദ്യോഗസ്ഥരും ഇതര സംസ്ഥാനത്തുനിന്നുള്ള പോലീസും നിലയ്ക്കൽ, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിലും സേവനത്തിനായി ഉണ്ടായിരിക്കും. കേന്ദ്ര പോലീസിലെ ഇന്റലിജൻസ് വിഭാഗത്തിന്റേതടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനവും ശബരിമലയിലുണ്ടാകും.