ചെങ്ങന്നൂർ: ശബരിമല ഇടത്താവള നിർമാണം പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്നതാണെന്നും കേന്ദ്ര സർക്കാരാണ് നടത്തുന്നതെന്നുമുള്ള ആരോപണത്തിൽ നിന്ന് ബിജെപി പിന്മാറണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെങ്ങന്നൂരിൽ പറഞ്ഞു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇടത്താവളം നിർമിക്കുക എന്നത് പിണറായി വിജയന്റെ സ്വപ്ന പദ്ധതികളാണ്.
അന്തരിച്ച് എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ നിരന്തരമായ ഇടപെടലാണ് ചെങ്ങന്നൂരിലെ ഇടത്താവള നിർമാണത്തിന് കാരണമായത്. കേരളത്തിലാകെ 36 ക്ഷേത്രങ്ങളെ ഇടത്താവളം നിർമിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഒന്പതുമുതൽ 14 കോടി രൂപവരെയാണ് ചിലവഴിക്കുന്നത്.
ഇത് സംസ്ഥാന ഗവണ്മെന്റിന് മാത്രം സാധിക്കില്ല. ഇതിനോട് സഹകരിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള പരിശ്രമം മുഖ്യ മന്ത്രി തന്നെ നേരിട്ടു നടത്തിയതാണ്്.ഐ.ഒ.സിയെന്ന പൊതുമേഖല സ്ഥാപനത്തെ കണ്ടെത്തിയതും മുഖ്യമന്ത്രിയാണ്. അദ്ദേഹമാണ് ഐഒസി അധികൃതരുമായി ചർച്ചചെയ്യാൻ തന്നെ ചുമതലപ്പെടുത്തിയത്.
അവർക്ക് പെട്രോൾ ഡീസൽ പന്പിനായി 30 വർഷത്തെ ലീസിന് സ്ഥലം വിട്ടുകൊടുത്തുകൊണ്ട് സർക്കാർ ആവശ്യപ്രകാരം ഇടത്താവളം നിർമിക്കുന്ന കരാറിൽ ഒപ്പിടുകയായിരുന്നു. അതിൽ ബിപിസിഎല്ലുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് ബിപിസിഎൽ ചെങ്ങന്നൂർ ഇടത്താവളം നിർമിക്കാൻ മുന്നോട്ട് വന്നത്. ബിജെപിയോ ആർഎസ്എസോ പ്രചരിപ്പിക്കുന്നപോലെ മന്ത്രാലയം ഒരു പണവും ചിലവഴിക്കുന്നില്ല.
അത് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും. മന്ത്രാലയത്തിന്റെ ജോലി അതല്ല. മന്ത്രാലയത്തിന് പണം ചിലവഴിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയെ നയിക്കുന്നത് ആർഎസ്എസ് ആണ് ആർഎസ്എസ് പ്രവർത്തനങ്ങളുടെ ന·യെ കാണാൻ തയാറാകുന്നില്ല. ആരിത് നിർമിക്കുന്നു എന്നതല്ല.
എന്തിനാണ് ഇത് തങ്ങളുടേതാണെന്ന് പറഞ്ഞ് തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. നല്ലൊരു പദ്ധതി വരുന്പോൾ കള്ള പ്രചരണം നടത്തുന്നത് എന്തിനാണ്. പെട്രോളിയം മന്ത്രാലയത്തിന് ഇതിൽ ഒരു പങ്കുമില്ല. മന്ത്രാലയത്തിന്റെ ജോലി ക്ഷേത്രങ്ങൾക്ക് കെട്ടിടം വച്ച് കൊടുക്കലാണോ. പെട്രോളിയം മന്ത്രിയുടെ ഫോട്ടോ വെച്ചെങ്കിലും അദ്ദേഹം അറിഞ്ഞ പദ്ധതിയല്ലയിത്. 36ൽ 10 ക്ഷേത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും.
മറ്റേത് പൊതുമേഖല സ്ഥാപനം മുന്നോട്ട് വന്നാലും കരാറിന് സർക്കാർ തയാറാണ്. ക്ഷേത്രത്തിൽ നിർമിക്കുന്ന കെട്ടിടങ്ങളിൽ സ്ഥാപനങ്ങൾക്ക് യാതൊരു അധികാരവുമില്ല അതാത് അന്പലത്തിന്റെ ഭരണസമിതി ആയിരിക്കും നിയന്ത്രിക്കുക. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദേവസ്വം ബോർഡിൽ വന്നുചേരും. ഇത്തരം വിലകുറഞ്ഞ പ്രചരണത്തിൽ നിന്ന് ബിജെപി നേതൃത്വം പിന്മാറണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെങ്ങന്നൂരിൽ പറഞ്ഞു.