കോഴിക്കോട് : തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കോടതിയുടെയും വിലക്കുകള്‍ ലംഘിച്ച് ശബരിമല വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ശബരിമല സ്ത്രീപ്രവേശനവും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഒരിക്കല്‍ കൂടി വിവാദമാക്കികൊണ്ട് വോട്ടര്‍മാര്‍ക്കിടയിലേക്ക് പ്രചരിപ്പിക്കുന്നത്. “ശബരിമലയെ സംരക്ഷിക്കൂ…
ആചാരം സംരക്ഷിക്കൂ’എന്ന പേരിലാണ് വ്യാപകമായി നോട്ടീസുകള്‍ വീടുകള്‍ തോറും വിതരണം ചെയ്യുന്നു. “ശബരിമലയെ കുറിച്ച് മിണ്ടരുതെന്ന് തിട്ടൂരം’. ആര്‍ക്കാണ് ശബരിമലയെപ്പേടിയെന്ന് കേരളം തിരിച്ചു ചോദിക്കുകയാണ്… എന്ന തലക്കെട്ടോടെയാണ് നോട്ടീസുകള്‍ വിതരണം ചെയ്യുന്നത്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളുമാണ് നോട്ടീസുകള്‍ വിതരണം ചെയ്യുന്നത്.
അതേസമയം മതവികാരം വ്രണപ്പെടുത്തി വോട്ട് നേടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഎം ഇലക്ഷന് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. വ്രതമെടുത്ത് ശബരിമലക്കെത്തിയ സ്ത്രീകളുടെ അറസ്റ്റ്, ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കൊണ്ടുവരുന്ന പോലീസ് സംഘം, വൃദ്ധയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതും ഭക്തരെ തള്ളിമാറ്റുന്നതുമെല്ലാം ഫോട്ടോ സഹിതം നോട്ടീസില്‍ പ്രസിദ്ധീരിച്ചിട്ടുണ്ട്. ഇതെല്ലാം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
നോട്ടീസിലെ പരാമര്‍ശങ്ങള്‍:
“ശബരിമല ആചാരസംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ വരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. ഒരുസര്‍ക്കാര്‍ കൈക്കൊണ്ട രാഷ്ട്രീയ ധിക്കാരത്തിന്റെ ബാക്കിപത്രമാണ് ശബരിമലയില്‍ കണ്ടത്. അത് മലയാളിയുടെ ജീവല്‍ പ്രശ്നമാണ്. അന്നവും തൊഴിലും കുടിവെള്ളവും പോലെ പ്രാണനാണ് നമ്മുടെ വിശ്വാസവും ജീവിതവും. അതുകൊണ്ട് കേരളം ശബരിമലയെന്ന ജീവല്‍ പ്രശ്നത്തെ ഉയര്ത്തിപിടിക്കും. സന്നിധാനവും വിശ്വാസവും തകര്‍ന്നാല്‍ പിന്നെ ജീവിച്ചിട്ടെന്ത് എന്ന ചോദ്യം നാടെങ്ങും ഉയരും. നാമജപം നടത്തിയവരെ വരെ ജയിലിലടച്ചു.
സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെവിട്ടില്ല. അരാജകവാദികള്‍ക്ക് പോലീസ് യൂണിഫോംനല്കി അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. നവോഥാനത്തിന് വിളിച്ചു കൂവി . ആചാരം തകര്‍ന്നുവെന്ന് അഹങ്കരിച്ചു. ആര്‍ത്തവത്തിന് ആര്‍പ്പുവിളിക്കാന്‍ ഒപ്പം കൂടി. ഒടുവില്‍ സുപ്രീംകോടതി വീണ്ടും ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പിന്നേയും പിന്നില്‍ നിന്ന് കുത്തി. കേരളത്തെ ഇല്ലാതാക്കാനുള്ള ഒടുക്കത്തെ നീചതന്ത്രത്തിന് അണിയറയില്‍ കരുക്കള്‍ നീക്കി.
മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്തത്. നമ്മുടെ വോട്ടധികാരത്തിന്റെ സൗജന്യം പറ്റി ഭരണത്തിലേറിയ ഒരാള്‍ക്ക് അത് എക്കാലത്തേക്കുമാണെന്ന മിഥ്യാധാരണയില്‍ പുളച്ചു മദിച്ച കാലത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. അവര്‍ ശബരിമലലെ തകര്‍ക്കുക്കയാണ്. ആചാരങ്ങള്‍ ഇല്ലാതാക്കി വിശ്വാസങ്ങള്‍ക്ക് മേല്‍ അസഭ്യം ചൊരിഞ്ഞ് നമ്മുടെ അവസാനത്തെ അഭയകേന്ദ്രത്തിന്മേലും അക്രമം അഴിച്ചുവിടാനാണ് നീക്കം. ശബരിമല യുവതീപ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
യുവതീപ്രവേശനം വേണമെന്ന് അവര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. അതിനായി സത്യവാങ്മൂലം നല്കി. ഭക്തരെയും ശബരിമലയെയും അപമാനിച്ചത് കവലകളിലാണ്. അത് ചെയ്തത് മന്ത്രിമാരും മുഖ്യമന്ത്രിയും നേതാക്കളുമാണ്. പൂജാരിമാരെയും തന്ത്രിമാരെയും മാത്രമല്ല കുളിച്ചു തൊഴുത് ക്ഷേത്രത്തില്‍ പോവുന്ന അമ്മമാരെ വരെ അവര്‍ ആക്ഷേപിച്ചു.
യുവതീപ്രവേശന നിയന്ത്രണം നീക്കി സുപ്രീംകോടതി വിധി വന്നപ്പോള്‍ എന്തുവിലകൊടുത്തും യുവതികളെ ശബരിമലയില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വെല്ലുവിളിച്ചു. ആചാരങ്ങള്‍ ലംഘിക്കണമെന്ന് പൊതുനിരത്തില്‍ പ്രസംഗിച്ചു. ആഭാസ സമരങ്ങള്‍ നടത്തി കുപ്രസിദ്ധരായ ചിലരെ പോലീസ് മറയ്ക്കുള്ളില്‍ മലചവിട്ടിച്ച് കോടാനുകോടി ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി.
ശബരിമലയില്‍ സംഘര്‍ഷത്തിനുള്ള കോപ്പു കൂട്ടിയിട്ട് മുഖ്യമന്ത്രി യുഎഇയിലേക്ക് പറന്നുവെന്നുമാണ് നോട്ടീസിലുള്ളത്. ആഭാസ നായികമാര്‍ക്ക് സുരക്ഷ ഒരുക്കിയ പോലീസ് ഭക്തരെ തല്ലിച്ചതച്ചതായും തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരത്തെയും സോഷ്യല്‍ മീഡിയ വഴി അധിക്ഷേിച്ചതായും നോട്ടീസില്‍ പറയുന്നു.