ശബരിമല: പുറപ്പെടാ ശാന്തിമാരെന്ന നിലയിൽ കഴിഞ്ഞ ഒരുവർഷം ശബരിമല സന്നിധാനത്തു താമസിച്ചു പൂജകൾ നിർവഹിച്ച സുകൃതവുമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ഇന്നു പടിയിറങ്ങും. ഇന്നു വൈകുന്നേരം തീർഥാടനകാലത്തിനു തുടക്കം കുറിച്ച് നട തുറക്കുന്നത് നിലവിലെ മേൽശാന്തിമാരാണ്.
പുതിയ മേൽശാന്തിമാരുടെ അവരോധിത ചടങ്ങുകൾ കഴിഞ്ഞ് നട അടച്ച് താക്കോൽ ദേവസ്വം അധികൃതരെ ഏൽപിക്കുന്നതോടെ അയ്യപ്പസന്നിധിയിൽ നിന്ന് ഇവർക്ക് പടിയിറങ്ങാം.ശബരിമല മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നന്പൂതിരിയുമാണ് ഇന്ന് പടിയിറങ്ങുന്നത്.
യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഏറെ അസ്വസ്ഥതകൾ നിറഞ്ഞ കഴിഞ്ഞ മണ്ഡല, മകരവിളക്കുകാലത്തെ ഓർമയിലാണ് ഇവരുടെ മടക്കം.