പത്തനംതിട്ട: സന്നിധാനത്ത് നിലവിലുള്ള എല്ലാ കെട്ടിടങ്ങളിലും അഗ്നിപ്രതിരോധ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മുതല്‍ ശബരിമല സന്നിധാനം വരെ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്ര സംഘത്തിന്റെ ശിപാര്‍ശ. തീപിടിത്ത സാധ്യത ഉള്ളതിനാല്‍ സന്നിധാനത്തെ കൊപ്രാക്കളം മാറ്റി സ്ഥാപിക്കണമെന്നും സന്നിധാനത്തെ കടകളിലെ മാലിന്യങ്ങള്‍ അലക്ഷ്യമായി ഞുണങ്ങാറിലേക്ക് ഒഴുക്കി വിടുന്നത് അടിയന്തിരമായി നിരോധിക്കണമെന്നും ചന്ദ്രാനന്ദന്‍ റോഡിലും സ്വാമി അയ്യപ്പന് റോഡിലും ആവശ്യമായ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും ശിപാര്‍ശയുണ്ട്.
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി അപകട, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നതിലേക്കും, അവ തരണം ചെയ്യുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും അടിയന്തിര പ്രാധാന്യത്തില്‍ നടപ്പാക്കേണ്ട മറ്റ് വിഷയങ്ങള്‍ പരിശോധിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വ ത്തില്‍ അഗ്നിശമനസേന, ആരോഗ്യ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നീ വകുപ്പ് പ്രതിനിധികളുടെ ആഭിമുഖ്യത്തിലാണ് സുരക്ഷാ യാത്ര നടത്തിയത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാ യാത്ര സംഘടിപ്പിച്ചത്.
അടൂര്‍ ആര് ഡി ഒ പി ടി എബ്രഹാം, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര് ബീനാ റാണി, ജില്ലാ ഫയര്‍ ഓഫീസര്‍ എം ജി രാജേഷ്, മലീനകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എൻജിനീയർ ആര്. അര്ജുന്, പമ്പ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹരീഷ്, വനംവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സുരക്ഷായാത്രയില്‍ പങ്കെടുത്തു.