തിരുവനന്തപുരം: ശബരിമലയിൽ 2017 മുതൽ ഭക്തർ കാണിക്കയായി സമർപ്പിച്ച നാൽപ്പതു കിലോ സ്വർണ്ണവും നൂറു കിലോ വെള്ളിയും കാണാതായെന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ.
സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്ട്രോംഗ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നു പറഞ്ഞ സുരേന്ദ്രൻ ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു.
യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലേയെന്നും സുരേന്ദ്രൻ പരിഹസിച്ചു.