തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശത്തെ ശക്തമായി പിന്തുണച്ച് സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. യുവതിപ്രവേശം സംബന്ധിച്ച പുനപരിശോധനാ ഹർജികളിൽ സർക്കാർ എഴുതി നൽകിയ വാദത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
പത്ത് വയസുള്ള പെൺകുട്ടികൾപോലും ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കുന്നില്ല. യുവതികൾ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. 2007 വരെ 35 വയസുള്ള യുവതികൾക്ക് തിരുവിതാം കൂർ ദേവസ്വം ബോർഡിൽ അംഗമാകാമായിരുന്നു. 2007 ലാണ് ഇത് 60 വയസായി ഉയർത്തിയത്. ബോർഡ് അംഗമാകാമെങ്കിൽ ശബരിമലയിൽ പ്രവേശിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
യുവതിപ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിൻ അവിഭാജ്യമായ ആചാരമല്ല. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാം. യുവതികൾക്ക് വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രമാണ്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാർ വാദത്തിൽ പറയുന്നു. ബുധനാഴ്ചയാണ് സർക്കാർ വാദം എഴുതി നൽകിയത്.