തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ സംഘർഷത്തിനു അയവുവന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ അക്രമം അഴിച്ചുവിട്ടു. കോഴിക്കോട് പേരാമ്പ്രയിൽ മലബാർ ദേവസ്വം ബോർഡ് അംഗം കെ. ശശികുമാറിന്റെ വീടിനു നേരെ ബോംബേറുണ്ടായി.
പുലര്‍ച്ചെ രണ്ടോടെ ശശികുമാറിന്റെ വീടിനു നേരെ അക്രമികൾ രണ്ട് സ്റ്റീൽ ബോംബുകൾ എറിഞ്ഞു. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ദേവസ്വംബോർഡ് അംഗമായതിനാലാവാം ആക്രമണം ഉണ്ടായതെന്നും ശശികുമാർ പറഞ്ഞു.
അടൂരിലും വ്യാപക അക്രമാണ് അരങ്ങേറിയത്. സിപിഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. മുപ്പതോളം പേർ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. കാട്ടക്കട പന്തയിൽ ഷിബുവിന്റെ വീട് എറിഞ്ഞു തകർത്തു. കാറിനു നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ജനൽച്ചില്ലുകളും കാറിന്റെ ഗ്ലാസും തകർന്നു.