പറവൂർ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് സുപ്രീംകോടതി അനുമതി നല്കിയ പ്രശ്നവുമായി ബന്ധപ്പെട്ട് ഹർത്താൽ നടത്തിയ ദിവസം ദേശീയപാത 66ൽ വഴിതടഞ്ഞ കേസിൽ അഞ്ചുപേരെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദേശീയപാതയിൽ ചെറിയപ്പിള്ളി കവലയിലാണ് ബിജെപിക്കാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞത്. ഇതിൽ ഉൾപ്പെട്ട പറവൂർ സ്വദേശികളായ വിനേഷ് (26), രഞ്ജിത്ത് (40), ജയപ്രകാശ് (27), ശശി (34) എന്നിവരാണ് അറസ്റ്റിലായത്. പറവൂർ സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ആലുവയിൽ അഞ്ച് പേർ കസ്റ്റഡിയിൽ
ആലുവ: ശബരിമല വിഷയത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് ഹോട്ടൽ ആക്രമിച്ച അഞ്ചുപേർ കസ്റ്റഡിയിൽ. ആലുവ തോട്ടുമുഖത്തെ ഹോട്ടലിലായിരുന്നു അക്രമണം നടന്നത്. ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് ആലുവ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായത്. ഇന്ന് പുലർച്ചെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.