തിരുവനന്തപുരം: അക്രമം തടയാനുള്ള കരുതൽ അറസ്റ്റിൽ വീഴ്ച വരുത്തിയതായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഡിജിപി ശാസിച്ചു. അക്രമ സംഭവങ്ങൾ ഏറെ നടന്ന പത്തനംതിട്ട കോഴിക്കോട് പാലക്കാട് ജില്ലാ പോലീസ് മേധാവിമാർക്കാണ് ശാസന ലഭിച്ചതെന്നാണ് വിവരം.
വീഴ്ചയുണ്ടായാൽ നടപടിയുണ്ടാകുമെന്ന് ഡിഡിപി ജില്ലാ പോലീസ് മേധാവിമാർക്ക് മുന്നറിയിപ്പ് നൽകി. കൃത്യമായ നടപടി ഉണ്ടാകാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഡിജിപി നൽകിയത്. ഇനി സംസ്ഥാനത്ത് അക്രമം പടർന്നു പിടിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ഡിജിപി നിർദേശം നൽകി. പ്രതിദിന വീഡിയോ കോൺഫറൻസിലായിരുന്നു ഡിജിപിയുടെ വിമർശനം.
അക്രമം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്റിലജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവമായി എടുത്തിരുന്നുവെങ്കിൽ ഇത്രയധികം അക്രമം ഉണ്ടാകില്ലായിരുന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.
ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ കരുതൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ എടുക്കാൻ പോലീസ് ആസ്ഥാനത്തു നിന്ന് എസ്.പിമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് ലഭിച്ചിട്ടും പല ജില്ലകളിലും കാര്യക്ഷമായി പോലീസ് ഇടപെട്ടില്ലെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ വീഡിയോ കോൺഫ്രൻസ് നടന്നത്.