കൊച്ചി: ശബരിമലയിൽ ദർശനം നടത്തുന്ന യുവതികൾക്കു വ്രതാനുഷ്ഠാനങ്ങൾ നിശ്ചയിക്കാൻ തന്ത്രിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി തള്ളിയത്.
ശബരിമലയിൽ പത്തിനും അന്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾ ദർശനത്തിനെത്തുന്നതിനെ എതിർക്കുന്ന തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നു ഹർജിക്കാരനായ എം.കെ. നാരായണൻ പോറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല ദർശനത്തിനു തയാറെടുക്കുന്ന യുവതികൾക്കു വ്രതാനുഷ്ഠാനങ്ങൾ നിശ്ചയിച്ചു നൽകാനുള്ള അധികാരം തന്ത്രിക്കാണ്. ദേവസ്വം ബോർഡുമായി ആലോചിച്ചു തന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
ആർത്തവ അശുദ്ധിയുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഒരുതരത്തിലുള്ള തൊട്ടുകൂടായ്മയാണെന്നു വിലയിരുത്തിയാണു ശബരിമലയിൽ യുവതീ പ്രവേശനത്തിനു സുപ്രീം കോടതി അനുമതി നൽകിയത്. ഈ സാഹചര്യത്തിൽ ദർശനത്തിനെത്തുന്ന യുവതികൾക്കു പ്രത്യേക വ്രതക്രമം അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.