കൊച്ചി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതി പരാമർശം. യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിധിക്കെതിരേ ചിലർ നൽകിയ പുനപരിശോധന ഹർജി തീർപ്പാകുന്നതുവരെ സർക്കാരിന് കാത്തു നിൽക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയണമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജികൾ തീർപ്പാകുന്നതു വരെ തൽസ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് സർപ്പിച്ച സ്വകാര്യ ഹർജി പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ വന്നത്.
ശബരിമലയിൽ സർക്കാർ ചെയ്തത് നിയമപരമായ കാര്യങ്ങൾ മാത്രമാണ്. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന് വിധിച്ചത് സുപ്രീംകോടതിയാണ്. അതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിലപാടെടുത്തു.
കോടതി നിലപാട് വ്യക്തമാക്കിയതോടെ ഹർജിക്കാരൻ കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടായത് കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ തടയുന്നതിനാണ് രാജ്യത്ത് നിയമസംവിധാനം നിലവിലുള്ളതെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
പിന്നാലെ ഹർജി പിൻവലിക്കുന്നോ തള്ളണോ എന്നും ഹർജിക്കാരനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ ഹർജിക്കാരന് കോടതി സമയം അനുവദിച്ചു