പത്തനംതിട്ട: കന്നിമാസപൂജയ്ക്കായി ശബരിമല നട 16-ന് തുറക്കുന്ന സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ യാത്ര അനുവദിക്കൂ. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഹിൽടോപ്പ് അപകടകരമായ അവസ്ഥയിലായതിനാൽ കന്നിമാസപൂജയ്ക്ക് തീർഥാടകരെ അവിടേക്ക് കടത്തിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ തീർഥാടക വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം തീർഥാടകരെ കെഎസ്ആര്‍ടിസി ബസുകളിൽ പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ എത്തിക്കും. ഹിൽടോപ്പിൽ റോഡ് ഇടിഞ്ഞുതാണിട്ടുള്ള സാഹചര്യത്തിൽ ത്രിവേണിയിലെത്തി കെഎസ്ആര്‍ടിസി ബസുകൾക്ക് തിരിയുന്നതിന് ബുദ്ധിമുട്ടായതിനാൽ പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ.
ത്രിവേണിയിലും ചക്കുപാലത്തും പാർക്കിംഗ് നടത്തുവാൻ കഴിയില്ല. പന്പയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്ന അവസ്ഥയല്ലാത്തതിനാൽ തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ നിലയ്ക്കലിൽ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കന്നിമാസപൂജയ്ക്ക് ചെയിൻ സർവീസിനായി കെഎസ്ആര്‍ടിസി 60 ബസുകൾ എത്തിക്കും. ഇവ നിലയ്ക്കൽ-പന്പ റൂട്ടിൽ 15 മുതൽ 20 മിനിറ്റ് വരെ ഇടവിട്ട് സർവീസ് നടത്തും. ചെയിൻ സർവീസുകൾക്ക് പുറമേ മറ്റ് ഡിപ്പോകളിൽ നിന്നുമെത്തുന്ന കെഎസ്ആര്‍ടിസി ബസുകളും ഉണ്ടാകും.
പന്പയിലെ അടിസ്ഥാന സൗകര്യങ്ങൾ താറുമാറാകുകയും നദി ഗതിമാറി ഒഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ വിവിധ ഭാഷകളിൽ പന്പയിൽ അനൗണ്‍സ് ചെയ്യും. ഹിൽടോപ്പ് അപകടകരമായ അവസ്ഥയിലായതിനാൽ കന്നിമാസപൂജയ്ക്ക് തീർഥാടകരെ അവിടേക്ക് കടത്തിവിടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.