ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികളായ ബിന്ദുവും കനകദുര്‍ഗ്ഗയും. പുലര്‍ച്ചെ മൂന്നുമണിക്ക് സന്നിധാനത്തെത്തിയെന്നും 3:45ന് പോലീസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും പറഞ്ഞു. ഒരു ചാനലിനോടാണ് യുവതികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസ് മഫ്തിയിലും മാറി നിന്നുമാണ് സുരക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം യുവതീപ്രവേശനം നടന്നെന്ന വാര്‍ത്ത പോലീസ് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ഡിസബംര്‍ 24ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്ന് സമ്പൂര്‍ണ പിന്തുണ ഉണ്ടായിരുന്നെന്നും യുവതികള്‍ അവകാശപ്പെട്ടു. ഇതേക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. യുവതീദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് ശബരിമല തന്ത്രി കണ്ഠര് രാജീവര് ഇതേക്കുറിച്ച് പറഞ്ഞത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് പമ്പയില്‍ നിന്ന് യാത്ര തുടങ്ങിയത്. മൂന്നേമുക്കാലോടെയാണ് ദര്‍ശനം നടത്തിയത്. പ്രതിഷേധമൊന്നും ഉണ്ടായില്ല. പോലീസിന്റെ സംരക്ഷണത്തോടെ, സ്ത്രീവേഷത്തില്‍ തന്നെയാണ് ദര്‍ശനം നടത്തിയത്. യുവതികള്‍ പറഞ്ഞു. എന്നാല്‍ പതിനെട്ടാം പടിയില്‍ കൂടെയല്ല കയറിയതെന്നും വിഐപി ലോഞ്ചില്‍ക്കൂടിയാണ് സന്നിധാനത്തെത്തിയതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് മല കയറാനെത്തിയപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതുപോലെ ഇത്തവണ അവര്‍ തങ്ങളെ പിന്തിരിപ്പിരിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ലെന്നും ഇരുവരും പറഞ്ഞു. സുഗമമായി ദര്‍ശനം നടത്താന്‍ സാധിച്ചെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.