ശബരിമല: മണ്ഡലകാല തീർഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്പോൾ വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു 14.34 കോടി രൂപയുടെ കുറവുണ്ടെന്നു ദേവസ്വം ബോർഡ് കണക്കുകൾ. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വർഷം ആറു ദിവസത്തിനുള്ളിൽ 22.82 കോടി രൂപ ലഭിച്ചിരുന്നു.
കണക്കുകൾ ദേവസ്വം ബോർഡ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കുറവിനെ സംബന്ധിച്ചു ദേവസ്വം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. തീർഥാടകരുടെ എണ്ണത്തിലുണ്ടായ വൻ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങളും സംഘർഷങ്ങളും കാരണം അയ്യപ്പഭക്തർ എത്താൻ മടിക്കുകയാണ്.
അരവണ വില്പനയിലൂടെ 31.4 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 9.88 കോടി രൂപ ഇക്കാലയളവിൽ ലഭിച്ചിരുന്നു. അപ്പം വിറ്റുവരവ് 29.31ലക്ഷം മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 1.47 കോടി രൂപയുടേതായിരുന്നു. കാണിക്കയായി 3.83 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 7.33 കോടി രൂപ ലഭിച്ചു.
മുറിവാടക ഇനത്തിൽ 43. 96 ലക്ഷം ലഭിച്ചു. 2017ൽ 74.25 ലക്ഷം. ഡോണർ ഹൗസിൽ മുറികളൊന്നും നൽകുന്നില്ല. മുറികൾ നൽകുന്നതിനു പോലീസ് ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസമാണു മാറിയത്. കഴിഞ്ഞ വർഷം ഡോണർ ഹൗസിൽ ഒരാഴ്ചയ്ക്കിടെ മൂന്നുലക്ഷം രൂപ ലഭിച്ചിരുന്നു. അഭിഷേകത്തിന് 8.67 ലക്ഷം രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം 18.32 ലക്ഷം രൂപ ലഭിച്ചിരുന്നു.
ശബരിമലയിലെ നിയന്ത്രണങ്ങളിലും സംഘർഷങ്ങളിലും അയവുവന്നതോടെ തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ട്. 34,000 പേർ ഇന്നലെ വൈകുന്നേരം വരെ ഒരു ദിവസം മല കയറിയതായിട്ടാണ് കണക്ക്. വൃശ്ചികമാസത്തിലെ കാർത്തിക നാളായതിനാൽ മലയാളികളായ ഒട്ടേറെപ്പേർ സന്നിധാനത്തു കാർത്തിക ദീപം തെളിക്കാനും എത്തിയിരുന്നു.