ശബരിമില: പോലീസിന്റെ നിയന്ത്രണങ്ങളും സംഘർഷഭീതിയും മൂലം ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും നടവരവിലും ഗണ്യമായ കുറവെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച അവധി ദിവസമായിട്ടും സന്നിധാനത്ത് തിരക്കു കുറവായിരുന്നു. നിലയ്ക്കലിൽനിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകൾ വിട്ടതിനാൽ പതിനെട്ടാംപടി കയറാൻ ഒരു സമയത്തും ക്യൂ ഉണ്ടാകുന്നില്ല.
നട തുറന്ന് ആദ്യ നാല് ദിവസങ്ങളിൽ ദർശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞവർഷം ഇതേസമയം രണ്ട് ലക്ഷത്തിലേറെപ്പേർ എത്തിയിരുന്നു. നാല് ദിവസത്തെ ദേവസ്വം ബോർഡിന്റെ വരുമാനം 10 കോടി രൂപ തികഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഇതു 15.91 കോടിയായിരുന്നു.
കെഎസ്ആർടിസിയുടെ കണക്കു പ്രകാരം ഇന്നലെ 24,220 തീർഥാടകരാണ് എത്തിയത്. നിയന്ത്രണം കാരണം കെഎസ്ആർടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്. പത്തനംതിട്ട ഡിപ്പോയുടെ വരുമാനത്തിൽ മാത്രം മുൻ വർഷത്തെക്കാൾ ഒരു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്.
പമ്പയ്ക്കു സർവീസ് ആരംഭിച്ച ഈ മാസം 12 മുതൽ 19 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 5.85 ലക്ഷം രൂപ വരുമാനം ലഭിച്ച സ്ഥാനത്ത് ഇത്തവണ 4.72 ലക്ഷം മാത്രം. തിരക്കു കുറഞ്ഞതിനാൽ 50 ബസുകൾ മറ്റു ഡിപ്പോകളിലേക്കു മാറ്റി.
ചെങ്ങന്നൂരിലും കോട്ടയത്തും പത്തനംതിട്ടയിലുമടക്കം ടാക്സി വാഹനങ്ങൾക്കും കാര്യമായ ഓട്ടമില്ലാതായി. തീർഥാടനകാലത്തെ ആശ്രയിച്ചു ജീവിക്കുന്ന ട്രാക്ടർ, ഡോളി തൊഴിലാളികൾക്കും ചുമട്ടുകാർക്കും കച്ചവടക്കാർക്കും ഈ മണ്ഡലകാലം നല്ല ഓർമകളാവില്ല സമ്മാനിക്കുക.