പത്തനംതിട്ട: ബിജെപി ഉയർത്തിയ ശബരിമല വികാരം പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിച്ചുവെന്നു കണ്ടതോടെ ശക്തമായ പ്രതിരോധത്തിലൂന്നി യുഡിഎഫും എൽഡിഎഫും. ശബരിമലയുടെ പേരിൽ ബിജെപിയുടെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് ഇരുമുന്നണികളുടെയും ശ്രമം.
ബിജെപി സ്ഥാനാർഥി എല്ലാ മേഖലയിലും തുടക്കം മുതൽ ശബരിമല വിശ്വാസസംരക്ഷണം മുൻനിർത്തിയാണ് വോട്ടു തേടിയത്. യുഡിഎഫിനും ശബരിമല പ്രശ്നം ഒരു പരിധിവരെ വിശ്വാസികളുടെയിടയിൽ അവതരിപ്പിക്കാനായി. വിശ്വാസികൾക്കൊപ്പമെന്ന നിലപാട് സ്വീകരിച്ച യുഡിഎഫ് ശബരിമല വിഷയത്തിന്റെ പേരിൽ കലാപം സൃഷ്ടിച്ച ബിജെപിയുടെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നു.
ശബരിമല പ്രശ്നത്തിൽ സുപ്രീംകോടതിയിൽ പുനഃ പരിശോധന ഹർജി നൽകിയ ഏക രാഷ്ട്രീയ പ്രസ്ഥാനമെന്ന നേട്ടം കോണ്‍ഗ്രസിനുണ്ട്. ബിജെപി അധികാരത്തിലിരുന്നിട്ടും ശബരിമല വിഷയത്തിൽ ഓർഡിനൻസിനുള്ള ശ്രമം പോലും ഉണ്ടാകാത്തതും ചർച്ച ചെയ്യപ്പെടുന്നു.
ശബരിമല വിഷയം മിണ്ടാതിരുന്ന എൽഡിഎഫും ഇതേവിഷയം ചർച്ചയ്ക്കെടുത്തു തുടങ്ങി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടെയാണ് ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചത്. ഇതിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. ശബരിമലയുടെ പേരിൽ പ്രധാനമന്ത്രി പറയുന്നത് പലതും കളവാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയ്ക്കുവേണ്ടി എൽഡിഎഫ് സർക്കാർ നല്ല കാര്യങ്ങൾ മാത്രമേ നടത്തിയിട്ടുള്ളൂ. കാണിക്ക കുറഞ്ഞപ്പോഴുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സഹായം ചെയ്തതും ചൂണ്ടിക്കാട്ടുന്നു.വിവിധ വകുപ്പുകളുടെ ഏകോപനം അടക്കമുള്ളവയിൽ സർക്കാർ ശക്തമായ ഇടപെടൽ ഉണ്ടാക്കി. സംഘർഷത്തിലൂടെ തീർഥാടകരെ അകറ്റിനിർത്തിയത് ബിജെപിയും സംഘപരിവാറുമെന്ന് മുഖ്യമന്ത്രി പറയുന്നു.