തിരുവനന്തപുരം: ശബരിമലയിൽ നേരത്തേ യുവതീപ്രവേശനമുണ്ടായപ്പോൾ നട അടയ്ക്കുകയോ ശുദ്ധിക്രിയ നടത്തുകയോ ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ മകൾ ഉഷാ വിനോദ്.
1969 -ൽ പി.കെ ചന്ദ്രാനന്ദന്റെ മകൻ അശോകന് ശബരിമലയിൽ വച്ചാണ് ചോറൂണ് നൽകിയത്. അന്ന് 34 വയസുള്ള ചന്ദ്രാനന്ദന്റെ ഭാര്യ വി.കെ. ഭദ്രാമ്മയും അനുജത്തിമാരും പങ്കെടുത്തിരുന്നു. തന്ത്രി കണ്ഠര് മഹേശ്വരര് ചോറൂണിന് നേതൃത്വം നൽകുകയും ചെയ്തതായി ഉഷ പറഞ്ഞു.
ആലപ്പുഴയിലെ നിരീശ്വരവാദിയായ സിപിഎം നേതാവിന്റെ മകനു ശബരിമലയിൽ ചോറൂണ് നൽകിയത് അന്ന് വലിയ വിവാദവും വലിയ വാർത്തയുമായിരുന്നു. 1969 ഡിസംബറിലോ 1970 ജനുവരിയിലോ ആണ് ചോറൂണ് നടന്നത്. അന്ന് യുവതീപ്രവേശനത്തിന്റെ പേരിൽ ശബരിമല നട അടയ്ക്കുകയോ പരിഹാരക്രിയനടത്തുകയോ ചെയ്തിട്ടില്ല. അന്ന് ചോറൂണ് നൽകിയ അശോകൻ ഇപ്പോൾ ആലപ്പുഴ എസ്ഡി കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗം മേധാവിയാണ്.
എളുപ്പവഴിയിലൂടെ ചന്ദ്രാനന്ദൻ റോഡ് നിർമിക്കാനായി ദേവസ്വം ബോർഡംഗങ്ങളോടൊപ്പം മല അരയ ഊരുകളിലേക്ക് പോകാനായി പൊന്നന്പലമേട്ടിൽ കയറിയതായും അവർ പറഞ്ഞു.
ഉഷാ വിനോദ് ഇപ്പോൾ മന്ത്രി ഇ.പി. ജയരാജന്റെ സ്റ്റാഫിലെ അംഗമാണ്.
ശബരിമലയിലേക്കുള്ള യാത്രയ്ക്കായി പന്പ മുതൽ നീലിമലവരെ മാത്രമാണ് ആദ്യം റോഡുണ്ടായിരുന്നത്. വനം വകുപ്പിന്റെ എതിർപ്പ് ലംഘിച്ച് വൻ സന്നാഹം ഒരുക്കി തിരുവനന്തപുരത്തെ സുബ്രഹ്മണ്യം ട്രസ്റ്റിന്റെ സാന്പത്തിക സഹായത്തോടെ 1972-ൽ ദേവസ്വം ബോർഡംഗമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ നേതൃത്വത്തിലാണ് നീലിമല മുതൽ ശബരിമല സന്നിധാനം വരെ പുതിയ റോഡ് വെട്ടിയത്. ഈ റോഡിനെയാണ് ഇപ്പോൾ ചന്ദ്രാനന്ദൻ റോഡ് എന്ന് അറിയപ്പെടുന്നത്.