സ്വന്തംലേഖകന്‍
കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരേയുള്ള പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍ തടയാന്‍ ആളെ തേടി ബിജെപി. ഗ്രൂപ്പ്പോരിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുവരെ പ്രവര്‍ത്തകരെ തെരുവിലിറക്കാന്‍ ബിജെപി നേതൃത്വത്തിനായിട്ടില്ല. സമരം ആഹ്വാനം ചെയ്ത ആദ്യദിവസം തന്നെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കുനേരെ മാത്രമാണ് പ്രതിഷേധമുയര്‍ന്നത്.
അതേസമയം മറ്റു മന്ത്രിമാരെല്ലാം സുഗമമായി യാത്ര ചെയ്യുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പുറമേ വഴിതടയലിന് വിശ്വാസികളായ യുവാക്കളെ രംഗത്തിറക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. യുവാക്കളെ സംഘടിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് ബിജെപി പ്രാദേശിക ഘടകങ്ങള്‍ പറയുന്നത്. ഇതോടെ പ്രഖ്യാപിച്ച സമരപരിപാടികളുടെ മൂര്‍ച്ചയും കുറഞ്ഞു.
മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വഴിതടയലും കരിങ്കൊടി പ്രയോഗവും ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇത്തരം പ്രതിഷേധ സമരങ്ങളില്‍നിന്ന് യുവാക്കള്‍ വിട്ടുനില്‍ക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ രാവിലെ മുതല്‍ മന്ത്രി എ.കെ. ശശീന്ദ്രന് വിവിധ പരിപാടികളിലായി പങ്കെടുത്തിരുന്നു. മന്ത്രിയുടെ പരിപാടി നടക്കുന്ന വേദികള്‍ക്ക് അരികെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതിഷേധസമരത്തിന് ആളെ സംഘടിപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ രാവിലെ നഗരത്തിലെ ശശീന്ദ്രന്റെ പരിപാടികള്‍ തടസമില്ലാതെ നടന്നു. ഉച്ചയ്ക്കുശേഷം എലത്തൂര്‍ നിയോജകമണ്ഡലത്തിലെ മന്ത്രിയുടെ പരിപാടികളും തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു.
പാവങ്ങാട് പുത്തൂര്‍ സ്കൂളിലെ പരിപാടിയില്‍ മന്ത്രി പങ്കെടുക്കാനെത്തുമ്പോള്‍ തടയാനായിരുന്നു തീരുമാനം. എന്നാല്‍ വേണ്ടത്ര ആളുകളെ സംഘടിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ സമരത്തിനിറങ്ങാതിരിക്കുകയായിരുന്നു. പ്രതിഷേധവുമായി രംഗത്തെത്തുന്നവര്ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് സുസജ്ജമായതും ബിജെപി പ്രവര്‍ത്തകര്‍ക്ക് പുറമേ വിശ്വാസികളായ യുവാക്കളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് കാരണമാവുന്നുണ്ട്.
ബിജെപി വഴിതടയലുള്പ്പെടെയുള്ള പ്രതിഷേധം ആരംഭിക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ തന്നെ സുരക്ഷാ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
പോലീസിന്റെ നടപടികളില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടുത്തനോ നിയമനടപടികള്‍ സ്വീകരിക്കാനോ ആരുമുണ്ടാവില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ നേതൃത്വം ഇക്കാര്യമെല്ലാം ഏറ്റെടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും യുവാക്കള്‍ ഇത് വിശ്വസിച്ചിട്ടില്ല. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സമരത്തിനിറങ്ങിയവരെ ബിജെപി സംരക്ഷിച്ചിട്ടില്ലെന്നതാണ് ഇവരുടെ വാദം.
സമരത്തിന് പങ്കെടുത്ത പാര്‍ട്ടി ഭാരവാഹികളെ മാത്രം സംരക്ഷിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. അല്ലാതെ ഇവര്ക്കൊപ്പമെത്തിയവരെ പാര്‍ട്ടി പിന്തുണച്ചിരുന്നില്ല. ജാമ്യത്തിനും മറ്റു നടപടികള്‍ക്കുമായി സ്വയം പണം നല്‍കേണ്ട അവസ്ഥയാണ് സമരക്കാര്ക്കുണ്ടായത്.
ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നതും വഴിതടയല്‍ സമരത്തില്‍നിന്ന് യുവാക്കള്‍ പിന്മാറുന്നതിന് ആക്കം കൂട്ടിയിരിക്കുകയാണ്. അതേസമയം ബിജെപി പ്രാദേശിക നേതാക്കളുടെ നീക്കങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നുണ്ട്.
നേതാക്കള്‍ എപ്രകാരമാണ് യുവാക്കളെ സമരത്തിനെത്തിക്കുന്നതെന്നാണ് ഇന്റലിജന്‍സ് നിരീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ സമരത്തിനെത്തുന്നവര്ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സമരത്തിന് ആരുമെത്തില്ലെന്നും യുവാക്കള്‍ പിന്മാറുമെന്നുമാണ് പോലീസും കരുതുന്നത്.