തിരുവനന്തപുരം : വനിതാ മതിൽ സംഘടിപ്പിച്ചതിനു പിറ്റേന്നുതന്നെ ആക്റ്റിവിസ്റ്റുകളായ രണ്ടു സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതു വിശ്വാസിസമൂഹത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചെന്നു സിപിഐ സംസ്ഥാന കൗണ്‍സിൽ. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ഭരണഘടനാപരമായി ബാധ്യതയുണ്ടെങ്കിലും വിഷയം വിശ്വാസമായതിനാൽ കൈകാര്യം ചെയ്ത രീതിയിൽ ഗുരുതരമായ വീഴ്ചയാണു സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു കൗൺസിൽ വിലയിരുത്തി.
കോടതിവിധിയെ സംബന്ധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിനു സാധിച്ചില്ലെന്നു മാത്രമല്ല മുന്നണിയുമായി സൗഹാർദത്തിലായിരുന്നവരെ പിണക്കുകയും ചെയ്തു. ഇതു തെരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുന്നതിനു കാരണമായെന്നും അതിവേഗത്തോടെ തിരുത്തലുകൾക്കു മുന്നണിയും സർക്കാരും തയാറാകണമെന്നും കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.
ചിറ്റയം ഗോപകുമാർ എംഎൽഎയും കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാറും ശബരിമല വിഷയത്തിൽ സർക്കാരിന്റേതു കൈവിട്ട കളിയായിരുന്നുവെന്നാണു കൗണ്‍സിലിൽ വിമർശിച്ചത്. നയപരമായ കാര്യങ്ങളിൽ സിപിഎം ഒറ്റയ്ക്കു തീരുമാനമെടുക്കുന്നു.
അതുകൊണ്ടുതന്നെ സർക്കാർതലത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ മിക്കതും ജനപ്രതിനിധിയെന്ന എന്ന നിലയിൽ അറിയുന്നില്ല. പാർട്ടി സംസ്ഥാന കൗണ്‍സിലിലും സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. ഈ രീതിയിൽ മുന്നോട്ടുപോയാൽ ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തേക്കാൾ ഗുരുതരമായിരിക്കും രണ്ടു വർഷം കഴിയുന്പോൾ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമെന്നും ചിറ്റയം ഗോപകുമാർ കൗണ്‍സിലിൽ പറഞ്ഞു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തെരഞ്ഞെടുപ്പു റിപ്പോർട്ടിൽ സംസ്ഥാന കൗണ്‍സിലിൽ ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ശബരിമല വിഷയം തെരഞ്ഞെടുപ്പു തോൽവിക്കു കാരണമായെന്നാണ് അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പു തോൽവി ഇടതുമുന്നണിയുടെ രാഷ്ട്രീയ പരാജയമാണെന്നാണു സംസ്ഥാന കൗണ്‍സിലിനു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. മതനിരപേക്ഷതയ്ക്കുവേണ്ടിയാണു കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തത്.
ഇതിനു കാരണമായതു മോദിവിരുദ്ധതയാണ്. ശബരിമലയുടെ കാര്യത്തിൽ വിശ്വാസികൾ ഇടതുമുന്നണിയ്ക്ക് എതിരായെന്നാണു സംസ്ഥാന കൗണ്‍സിൽ വിലയിരുത്തിയത്. ഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹത്തിന്റെ പ്രതികരണം മുൻകൂട്ടി കാണാൻ ഇടതുമുന്നണിക്കു കഴിഞ്ഞില്ലെന്നും വിശ്വാസിസമൂഹം എൽഡിഎഫിനെ വിശ്വസിച്ചില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇടതുമുന്നണി വിശദമായും ഗൗരവമായും ചർച്ച ചെയ്യും. 12 ശതമാനത്തിലേറെ വോട്ടുകളുടെ കുറവ് എങ്ങനെയുണ്ടായെന്നുള്ളതു രാഷ്ട്രീയമായി പരിശോധിക്കും. തിരുത്തലുകൾ വരുത്തേണ്ടിടത്തു വരുത്തും. ഇടതുമുന്നണിയുടെ പരാജയത്തിൽ മാധ്യമങ്ങളും നിർണായക പങ്കു വഹിച്ചെന്നു കാനം പറഞ്ഞു. പോലീസ് കമ്മീഷണറേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തർക്കം നയപരമായ കാര്യമാണ്. ഇക്കാര്യം ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.