ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്നു സുപ്രീംകോടതി. ഇൗ മാസം അഞ്ചിനു നട തുറക്കുന്നതു ചൂണ്ടിക്കാട്ടി ഹർജികൾ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ഹർജികൾ ദീപാവലി അവധിക്കുശേഷം നവംബർ 13നു പരിഗണിക്കാൻ നിശ്ചയിച്ചതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, നവംബർ അഞ്ചിനും ആറിന് 24 മണിക്കൂറേക്കു മാത്രമേ നട തുറക്കുന്നുള്ളൂ എന്നും നിരീക്ഷിച്ചു.
സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഹർജി നൽകിയ അഖില ഭാരതീയ മലയാളി സംഘമാണ് വിഷയം ഇന്നലെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. എന്നാൽ, നിലവിൽ വേഗത്തിൽ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി. ശബരിമല നട അഞ്ചിന് തുറക്കുന്ന കാര്യം അറിയാം.
അഞ്ചിന് നട തുറന്നാൽ ആറിന് അടയ്ക്കും. 24 മണിക്കൂർ മാത്രമാണ് ചടങ്ങുകൾ നടക്കുക. പ്രധാന സീസണ് മണ്ഡലകാലമാണ്. അതുകൊണ്ട് എല്ലാ ഹർജികളും നവംബർ 13നു പരിഗണിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും കോടതി അറിയിച്ചു.
ശബരിമല കേസിൽ 35 പുനഃപരിശോധനാ ഹർജികളും ആറ് റിട്ട് ഹർജികളുമാണ് ഇതുവരെ സമർപ്പിച്ചിട്ടുള്ളത്. വിധി നടപ്പാക്കുന്നത് തടഞ്ഞതിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് രണ്ട് ഹർജികൾ അനുമതി തേടി അറ്റോർണി ജനറലിനു നൽകിയിട്ടുണ്ട്.