പി.ടി. പ്രദീഷ്
കണ്ണൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന സാഹചര്യം മുതലെടുത്തു കേരളത്തിൽ അടിത്തറയൊരുക്കാൻ ബിജെപി രഥയാത്രയ്ക്ക് ഒരുങ്ങുന്പോൾ അടിത്തറ ഇളകാതിരിക്കാനുള്ള പോരാട്ടത്തിലാണു കോൺഗ്രസ്. 1990 ല്‍ സോമനാഥില്‍ നിന്നു അയോധ്യവരെ അദ്വാനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാമ രഥയാത്രയാണു ബിജെപിക്ക് ഉത്തരേന്ത്യയിൽ അടിത്തറപാകിയത്. സമാനരീതിയിൽ കേരളത്തിലും പാർട്ടിയ്ക്ക് അടിത്തറയൊരുക്കാൻ ലഭിച്ച അവസരമായാണു ബിജെപി നേതൃത്വം ശബരിമല വിഷയത്തെ കാണുന്നത്.
അഖിലേന്ത്യാ ആർഎസ്എസ് നേതൃത്വം പച്ചക്കൊടി കാട്ടിയതിനു പിന്നാലെയാണു ശബരിമലവിഷയത്തിൽ നിലപാട് മാറ്റി ബിജെപി വിശ്വാസികൾക്കൊപ്പം അണിചേർന്നത്. ഇതിൽ നിന്നുതന്നെ പാർട്ടിയുടെ രാഷ്ട്രീയനീക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഈമാസം എട്ടിനു കാസർഗോഡ് മധൂർ ക്ഷേത്രപരിസരത്തു നിന്നാരംഭിച്ചു 13 ന് പത്തനംതിട്ടയിലാണു ബിജെപി രഥയാത്ര സമാപിക്കുന്നത്. മുഴുവൻ സംഘപരിവാര്‍ സംഘടനകളുടെയും പങ്കാളിത്തവും വിവിധ സാമുദായിക സംഘടനകളുടെ പിന്തുണയും യാത്രയിൽ ഉറപ്പാക്കാനുള്ള ശ്രമത്തിലാണു ബിജെപി നേതൃത്വം. ബിജെപി കേന്ദ്രനേതാക്കളും വിവിധ സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാകും.
ഹിന്ദു സന്ന്യാസിവര്യന്മാരേയും മറ്റു മതനേതാക്കളേയും പങ്കെടുപ്പിച്ചു ശബരിമല പ്രശ്നം വിവിധ മതവിശ്വാസികളുടെ പൊതുവിഷയമായി ഉയർത്തിക്കാട്ടിയായിരിക്കും ബിജെപിയുടെ രഥയാത്ര. ശബരിമല വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാടുകളിലൂടെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നല്കിയ ആനുകൂല്യം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഏതറ്റംവരെയും പോകാൻ തന്നെയാണു ബിജെപി, ആർഎസ്എസ് നേതൃത്വങ്ങളുടെ തീരുമാനം.
എന്നാൽ അതേസമയം കോൺഗ്രസിനിതു നിലനില്പിനായുള്ള പോരാട്ടമാണ്. തെരുവിലിറങ്ങിയ വിശ്വാസികളെ മുഴുവനായും സ്വന്തമാക്കാനുള്ള ബിജെപി നീക്കത്തിനു കടിഞ്ഞാണിടുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തുടക്കം മുതൽക്കെ സംസ്ഥാന നേതാക്കൾക്കിടയിൽ തന്നെ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല.
വിശ്വാസികൾക്കൊപ്പമെന്നു പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തന്നെ വിമർശനമുയർന്നിരുന്നു. അതേസമയം, കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വ്യക്തിപരമായ അഭിപ്രായം സംസ്ഥാന കോൺഗ്രസിനെ തെല്ലൊന്നുമല്ല കുഴക്കിയത്. എങ്കിലും വിശ്വാസ സംരക്ഷണ ജാഥകളുമായി മുന്നോട്ടുപോകാൻ തന്നെയാണു കെപിസിസിയുടെ തീരുമാനം. ഒരോ ബൂത്തുകളിൽ നിന്നും ചുരുങ്ങിയതു 25 കുടുംബങ്ങളെ പങ്കെടുപ്പിക്കാനാണു പാർട്ടി നിർദേശം.
രാഷ്ട്രീയത്തിലുപരിയായി വിശ്വാസികളായ മുഴുവൻ പേരേയും പ്രത്യേകിച്ചു സ്ത്രീകളെ വിശ്വാസ സംരക്ഷണ ജാഥകളിലെത്തിക്കാനും നിർദേശമുണ്ട്. വർഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നാലു കാൽനടയാത്രകളും മലബാറിൽ പ്രചാരണ വാഹനജാഥയുമാണു കോൺഗ്രസ് നടത്തുന്നത്.
സിപിഎമ്മിനേയും ബിജെപിയേയും ഒരുപോലെ വിമർശിച്ചായിരിക്കും കോൺഗ്രസ് യാത്രകളുടെ പ്രയാണം. 15 ന് പത്തനം തിട്ടയിലാണു കോൺഗ്രസ് ജാഥകളുടെ സമാപനം.
അരയും തലയും മുറുക്കി സിപിഎം
ശബരിമലവിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ അരയും തലയുംമുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണു സിപിഎമ്മും ഇടതുസർക്കാറും. ബിജെപിയുടേയും കോൺഗ്രസിന്റേയും നേതൃത്വത്തിൽ പ്രചാരണ ജാഥകൾ നടക്കുന്പോൾ വിശദീകരണ യോഗങ്ങളുമായി സിപിഎമ്മും രംഗത്തുണ്ട്.
സമൂഹത്തെ പിന്നോട്ടുനടത്താനാണു ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും സർക്കാറും സിപിഎമ്മും വിശ്വാസികൾക്കെതിരല്ലെന്നും സിപിഎം വിശദീകരിക്കുന്നുണ്ട്. മണ്ഡലകാലത്തും പ്രതിഷേധം മുന്നിൽ കണ്ടു ശബരിമലയിൽ വൻ സുരക്ഷാ സന്നാഹമാണു സർക്കാർ ഒരുക്കിയിരിക്കുന്നത്. ഏതുസാഹചര്യത്തിലും ശബരിമലവിഷയത്തിൽ ഒരടി പിന്നോട്ടില്ലെന്നു തന്നെയാണു സിപിഎം നിലപാട്.