കോഴിക്കോട്: ശബരിമലവിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്മാര് നല്കിയ “പണി’യില്‍ പിന്നോട്ടടിച്ച് കോണ്‍ഗ്രസും ബിജെപിയും.ശബരിമലവിഷയത്തില്‍ സ്ത്രീ പ്രവേശനത്തെഅനുകുലിച്ച് സംസാരിച്ച് കെപിസിസിയെ വെട്ടിലാക്കിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശരിക്കും സംസ്ഥാനനേതൃത്വത്തെ തള്ളിപ്പറയുകയായിരുന്നു. ശബരിമലവിഷയത്തില്‍ യുഡിഎഫ് നേരത്തെ നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ തങ്ങള്‍ക്കനുകൂലമായി വിശദീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും.
ഫലത്തില്‍ ഇന്നലെ വൈകുന്നേരം മുതലക്കുളത്ത് ചേര്‍ന്ന രാഷ്ട്രീയ വിശദീകരണയോഗം കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനുമാത്രമായി ഒതുങ്ങി. സിപിഎമ്മിനും ബിജെപിക്കും ശക്തമായ മറുപടി നല്കാന് പോലും ഈ ആശുയകുഴപ്പം മൂലം കോണ്ഗ്രസിനുകഴിഞ്ഞില്ല.
ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാട് വിശദീകരിക്കാന്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ന്യായീകരിക്കാനാണ് നേതാക്കള്‍ ഏറെ സമയം കണ്ടെത്തിയത്. ഏതായാലും കേന്ദ്രനേതൃത്വം അഭിപ്രായം പറഞ്ഞതിനെതുടര്‍ന്ന് യുവനേതാക്കള്‍ തങ്ങള്‍ക്കെതിരെ നിലപാടുമായി രംഗത്തെത്തുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
നേരത്തെ തന്നെ വി.ടി.ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ശബരിമലവിഷത്തില് നേതൃത്വത്തിനെതിരേ പരോക്ഷമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തിന് തൊട്ടുമുമ്പാണ് ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ നിലപാട് പുറത്ത് വന്നത്. ഇതോടെ നേതാക്കള്‍ വെട്ടിലായി. കോണ്‍ഗ്രസിനുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്ന് വിശദീകരിക്കാനായിരുന്നു യോഗത്തില്‍ നേതാക്കളുടെ ശ്രമം.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ‘പാര്‍ട്ടിയുടെ നിലപാട്, കേരളത്തിലെ ജനങ്ങളുടെ വികാരം കൂടി മാനിച്ചുള്ള ഒരു നിലപാടാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ വിഷയത്തില്‍ എനിക്കും പാര്‍ട്ടിക്കുമുള്ള അഭിപ്രായങ്ങള്‍ രണ്ട് തന്നെയാണ്.
എന്നാല്‍ അവര്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്ന നേതാക്കളാണ്, അവരുടെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു.
അതേസമയം സര്‍ക്കാരിനെ വലിച്ചുതാഴെഇറക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവന ബിജെപി കേരള നേതൃത്വത്തെയും രണ്ടുതട്ടിലാക്കി.പ്രസംഗം തര്ജമചെയ്തതിലെ കുഴപ്പമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞപ്പോള്‍ തനിക്കുതെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെ.മുരളീധരന്റെ അഭിപ്രായം.
സിപിഎമ്മും കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ കക്ഷികളും അമിത്ഷായുടെ പ്രസംഗത്തിനതിരേ രംഗത്തുവന്നതോടെ ശബരിമലവിഷയവുമായി ബന്ധപ്പെട്ടുവിളിച്ചുചേര്ത്ത സമരസമ്മേളനങ്ങളില് ഇക്കാര്യങ്ങള്‍ കൂടി നേതൃത്വത്തിന് വിശദീകരിക്കേണ്ടിവന്നു. ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയായിരുന്ന ബിജെപിക്ക് അമിത്ഷായുടെ പ്രസംഗം ഉണ്ടാക്കിയ രാഷ്ട്രീയ തിരിച്ചടിചെറുതല്ല. രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് പലകോണുകളില്‍ നിന്നും ഉയരുന്നത്. ഇത് മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം നടത്തുന്നത്.