കാത്തിരിക്കാന്‍ തയാര്‍! സംഘര്‍ഷമുണ്ടാക്കി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നില്ല; എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി യുവതികള്‍; പ്രതിഷേധവുമായി മഹിളാ മോര്‍ച്ച

കൊച്ചി: ശബരിമല ദർശനം നടത്താൻ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനം നടത്തിയ യുവതികൾക്ക് നേരെ മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ശബരിമല ദർശനത്തിന് മാലയിട്ടുവെന്ന് മുൻപ് പ്രഖ്യാപിച്ച രേഷ്മ നിഷാന്തിനും മറ്റ് രണ്ടു യുവതികൾക്കും എതിരേയാണ് പ്രതിഷേധമുണ്ടായത്.

സംഘർഷമുണ്ടാക്കി ശബരിമല ദർശനം ആഗ്രഹിക്കുന്നില്ലെന്നും കാത്തിരിക്കാൻ തയാറാണെന്നും യുവതികൾ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാലയൂരാതെ വ്രതം നോൽക്കുന്നത് തുടരുമെന്നും വരും തലമുറയ്ക്കെങ്കിലും സമാധാനമായി അയ്യപ്പ ദർശനം സാധ്യമാകാൻ ആഗ്രഹമുണ്ടെന്നുമാണ് യുവതികൾ പറഞ്ഞത്.

മാലയിട്ടതിന് ശേഷം നിരവധി ഭീഷണികൾ തങ്ങൾക്ക് നേരെയുണ്ടായെന്നും ഈ സാഹചര്യത്തിലാണ് സംഘർഷമുണ്ടാക്കി മലചവിട്ടേണ്ടെന്ന് തീരുമാനിച്ചതെന്നും ഇവർ അറിയിച്ചു.

ഇവർ വാർത്താ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് പ്രസ് ക്ലബിന് ചുറ്റും പ്രതിഷേധക്കാർ തന്പടിച്ചത്. പ്രതിഷേധക്കാരെ ഭയന്ന് യുവതികൾ ഒരു മണിക്കൂറോളം പ്രസ് ക്ലബ് ഹാളിൽ തുടർന്നു. പിന്നീട് പോലീസ് സുരക്ഷയിലാണ് ഇവരെ പ്രസ് ക്ലബ് മന്ദിരത്തിൽ നിന്നും പുറത്തിറക്കിയത്.

Related posts