ശബരിമല: ശബരിമലയിലേക്ക് തിരക്ക് വർധിച്ചതോടെ മല കയറ്റത്തിനും നിയന്ത്രണങ്ങൾ. തീർഥാടനകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി ശബരിമല സാക്ഷ്യംവഹിക്കുന്നത്. തിരക്കേറിയതോടെ നിലയ്ക്കൽ മുതൽ തീർഥാടകരുടെ യാത്രയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിവരികയാണ്.
ഇന്നു വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിചേരുന്ന തങ്കഅങ്കി ഘോഷയാത്രയുടെ ഭാഗമായും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ് ഒന്നിന് ഉച്ചപൂജയ്ക്ക്ശേഷം നടയടച്ച് ക്ഷേത്രതിരുമുറ്റം കഴുകി വൃത്തിയാക്കും. ഒരു മണി മുതൽ വൈകുന്നേരം ദീപാരാധനകഴിയുന്നത് വരെ അയ്യപ്പ ഭക്തരെ ദർശനത്തിനായി തിരുമുറ്റത്തേക്ക് കടത്തിവിടുകയില്ല.
ഒന്നിന് അടയ്ക്കുന്ന നട വൈകുന്നേരം നാലിനായിരിക്കും തുറക്കുക.തങ്കഅങ്കി ഘോഷയാത്ര ശരംകുത്തിയിൽനിന്ന് സ്വീകരിച്ച് ആനയിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നത് വരെ ശരംകുത്തിയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടില്ല. ഘോഷയാത്രയുടെ ഭാഗമായി കർശന സുരക്ഷ ക്രമീകരണങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നും ഒരുക്കിയിട്ടുണ്ട്.
പന്പയിലും നിലയ്ക്കലും ഈ സമയങ്ങളിൽ അയ്യപ്പഭക്തർക്ക് നിയന്ത്രണമുണ്ടാകും.27ന് പുലർച്ചെ 3മണിക്ക് തിരുനട തുറന്ന് നിർമ്മാല്ല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവ് പൂജകളും നടക്കും. നാളെ ഉച്ചയ്ക്ക് മണ്ഡലപൂജകഴിഞ്ഞ് അടയ്ക്കുന്ന ക്ഷേത്രനട ഉച്ചകഴിഞ്ഞ് മൂന്നിന് ദർശനത്തിനായി തുറക്കും.
രാത്രി 9.30ന് അത്താഴപൂജ. രാത്രി 9.50 ന് ഹരിവരാസനംപാടി 10ന് ശ്രീകോവിൽ നടയടക്കും.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒന്നേകാൽലക്ഷത്തിലധികം ഭക്തർ വീതം മലചവിട്ടിയതായാണ് പോലീസിന്റെ കണക്കുകൾ.
തീർഥാടകർക്കു യാത്രാസൗകര്യം വിപുലമാക്കി കെഎസ്്ആർടിസി
ശബരിമല: മണ്ഡല പൂജയ്ക്കെത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. പ്രധാനമായും പന്പയിൽ നിന്നും നിലയ്ക്കൽ ബേസ് ക്യാന്പിൽ നിന്നുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ പന്പയിൽ നിന്നും അന്തർസംസ്ഥാനം അടക്കം കെഎസ്ആർടിസി ദിവസേന 50 സർവീസുകൾ നടത്തുന്നുണ്ട്. നിലയ്ക്കൽ പന്പ റൂട്ടിൽ തുടക്കത്തിൽ 130 ചെയിൻ സർവീസുകളാണ് ആരംഭിച്ചിരുന്നത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് 170 സർവീസുകളായി പുനഃക്രമീകരിക്കുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് ജീവനക്കാരുടെ അവധി സർവീസിനെ ബാധിക്കാതിരിക്കാനും ആവശ്യത്തിന് ആളുകളെ നിയോഗിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് അധികമായി 25 ഇൻസ്പെക്ടർമാരെയും ഏഴ് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാരെയും നിലയ്ക്കലിൽ മാത്രം നിയമിച്ചു. തിരക്കേറിയ സമയങ്ങളിൽ ഗതാഗത പ്രശ്നം പരിഹരിക്കാൻ പന്പയിൽ നിന്നും 15 ചെയിൻ സർവീസും ആരംഭിച്ചിട്ടുണ്ട്. ആവശ്യഘട്ടങ്ങളിൽ 40 ബസുകൾ പന്പയിൽ നിന്നും സർവീസ് നടത്താനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ തിരുവല്ല, റാന്നി, പത്തനംതിട്ട, അടൂർ ഡിപ്പോകളിലും നിന്നും ആവശ്യഘട്ടത്തിൽ ബസ്സുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ വിവിധ ഡിപ്പോകളിൽ നിന്നടക്കമുള്ള 300 ഓളം സർവീസുകളും മണ്ഡലപൂജയ്ക്കെത്തുന്ന ഭക്തർക്കായി പന്പയിൽ ഒരുക്കിയിട്ടുണ്ട്.