ബിന്ദു (42) കനക ദുര്‍ഗ (46) എന്നീ യുവതികളുടെ അവകാശവാദവും പുറത്ത് വന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രകാരം, പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലായിരിക്കുകയാണ്. ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും വന്നിട്ടില്ലെങ്കില്‍ പോലും യുവതികളുടെ അവകാശവാദം നിഷേധിക്കാന്‍ നിലവില്‍ നിവൃത്തിയില്ല.
കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മലകയറിയെന്ന് അവകാശപ്പെടുന്ന ബിന്ദുവും കനക ദുര്‍ഗയും. കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇരുവരും ആദ്യം മല കയറാനെത്തിയത്. അയ്യപ്പ കര്‍മസമിതിയുടെയും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ഇരുവരും മടങ്ങുകയായിരുന്നു, അന്ന്.
മരക്കൂട്ടം പിന്നിട്ടശേഷമായിരുന്നു യുവതികളുടെ മടക്കം. യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറക്കിയത്. സന്നിധാനത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികളെ പിന്തിരിപ്പിച്ചത്. പോലീസ് സുരക്ഷയിലാണ് യുവതികള്‍ അന്ന് മടങ്ങിയതും. പ്രതിഷേധം വര്‍ധിച്ചതോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം മടങ്ങാന്‍ തയാറാകാതിരുന്ന ബിന്ദുവിനെ ബലം പ്രയോഗിച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. മലയിറങ്ങുന്നതിനിടെയും യുവതികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. യുവതികള്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പോലീസ് ആംബുലന്‍സ് എത്തിച്ച് ബലം പ്രയോഗിച്ച് യുവതികളെ അവിടെ നിന്നും നീക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിനി ബിന്ദു സിപിഐഎംഎല്‍ പ്രവര്‍ത്തകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇടയില്‍ പരിചയപ്പെട്ടയാളെയാണ് അവര്‍ വിവാഹം ചെയ്തതെന്നും ഇവര്‍ക്കെതിരെ നേരത്തെ പോലീസിനെ ആക്രമിച്ചതിന്റെ പേരില്‍ കേസുണ്ടെന്നും ബിന്ദുവിന്റെ അമ്മ തന്നെ വെളിപ്പെടുത്തിയിരുന്നു.
മകള്‍ ശബരിമലയില്‍ പോകരുത് എന്നതായിരുന്നു തന്റെ നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഡിസംബര്‍ 24 ന് ശബരിമലയില്‍ എത്തിയ സമയത്ത് ബിന്ദുവിന്റെ കോഴിക്കോട് കൊയിലാണ്ടി പൊയിന്‍കാവിലെ വീടിനുമുന്നില്‍ പ്രതിഷേധം ഉയരുകയും ഇതേത്തുടര്‍ന്ന് അവരുടെ ഭര്‍ത്താവും മകളും വീട്ടില്‍ നിന്ന് മാറുകയും ചെയ്തിരുന്നു.
കനക ദുര്‍ഗയുടെ വീടിന് മുന്നിലും അന്ന് പ്രതിഷേധം നടന്നിരുന്നു. സിവില്‍ സപ്ലൈസ് ജോലിക്കാരിയായ കനകദുര്‍ഗ തിരുവനന്തപുരത്ത് യോഗമുണ്ടെന്ന് പറഞ്ഞാണ് അന്ന് വീട്ടില്‍ നിന്ന് പോയത്. വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ബന്ധുക്കള്‍ സംഭവം അറിയുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാണ് അഭിപ്രായമെന്ന് കനകയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും ബന്ധുക്കളും അന്ന് പറഞ്ഞിരുന്നു.