ടി.എസ്. സതീഷ്കുമാർ
ശബരിമല: മകരജ്യോതി ദർശനത്തിനും തിരുവാഭരണം ചാർത്തിയ അയ്യപ്പസ്വാമിയുടെ ദീപാരാധനയ്ക്കും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സന്നിധാനം കറുത്ത കടലായി. സന്നിധാനത്ത് എവിടെ നോക്കിയാലും കറുപ്പുവസ്ത്രം ധരിച്ച തീർഥാടകരെ മാത്രമേ കാണാൻ കഴിയൂ. മകരം ഒന്നാം തീയതിയായ ഇന്നു രാവിലെ നടന്ന മകരസംക്രമ പൂജ ദർശിച്ചു വൈകുന്നേരം നടക്കുന്ന ദീപാരാധനയും കണ്ടു മാത്രമേ തീർഥാടകർ മലയിറങ്ങുകയുള്ളൂ.
മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി തീർഥാടകരുടെ അഭൂതപൂർവമായ തിരക്കിനാണ് ശബരിമല സാക്ഷ്യംവഹിക്കുന്നത്. നിന്നുതിരിയാൻ ഇടമില്ലാതെ തീർഥാടകരാൽ ഞെരിഞ്ഞമരുകയാണ് ശബരിമല. പോലീസിന്റെയും ദേവസ്വം അധികൃതരുടെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടുള്ള വൻ പ്രവാഹമാണ് ഇപ്പോൾ സന്നിധാനത്തുള്ളത്. കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരാണ് സന്നിധാനത്ത് ക്യാന്പ് ചെയ്യുന്നത്. തിരുവാഭരണ ഘോഷയാത്ര എത്തുന്നതിനാൽ ഇന്നു ഉച്ചമുതൽ സന്നിധാനത്തേക്ക് പന്പയിൽനിന്ന് തീർഥാടകരെ കയറ്റുവിടുകയില്ല. വൈകുന്നേരം ദീപാരാധനയ്ക്കുശേഷം മാത്രമേ തീർഥാടകരെ മലകയറാൻ അനുവദിക്കുകയുള്ളൂ.
ഇന്നു രാവിലെ 7.40-നു നടന്ന മകരസംക്രമ പൂജയ്ക്കു ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് മുഖ്യകാർമികത്വം വഹിച്ചു. തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽനിന്നും പ്രത്യേകം ദൂതൻകൈവശം കൊടുത്തുവിട്ട നെയ്യാണ് ആദ്യം അഭിഷേകം നടത്തിയത്. തുടർന്നു മറ്റു ഭക്തർ കൊടുത്ത നെയ്യും അഭിഷേകം നടത്തി. അഭിഷേകം നടത്തിയ നെയ്യ് തീർഥാടകർക്കു പ്രസാദമായി നല്കി.
മകരസംക്രമ പൂജയ്ക്കുശേഷം വൈകുന്നേരത്തേക്കുള്ള ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ക്ഷേത്രാധികൃതർ. ക്ഷേത്രമതിലകവും പരിസരവും പുഷ്പങ്ങളാൽ അലംകൃതമാണ്. 19 വരെ മാത്രമേ തീർഥാടകർക്ക് അയ്യപ്പദർശനത്തിന് അനുവാദമുള്ളൂ.20-നു രാവിലെ പന്തളം രാജപ്രതിനിധിക്കു മാത്രമാണ് ദർശനത്തിന് അനുവാദമുള്ളൂ. തുടർന്നു ക്ഷേത്രനട അടയ്ക്കും.