ശബരിമല: ശബരിമലയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീര്‍ഥാടനം ഒരുക്കാന്‍ സാധിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി.
ഒരു മണിക്കൂറില്‍ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്കു വര്‍ധിക്കുമെന്നു മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയിരുന്നു.
എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് തീര്‍ഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങള്‍ പരത്താനുള്ള ശ്രമമുണ്ടായി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.
പുറത്തുനിന്നു കേട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്് ശുദ്ധമായിരിക്കണം.
മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യര്‍ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തീര്‍ഥാടകരുടെ മലയിറക്കം സുഗമമായി
ശബരിമല: മകരജ്യോതി ദര്‍ശനത്തിനുശേഷം സന്നിധാനത്തു നിന്നുള്ള അയ്യപ്പഭക്തരുടെ മലയിറക്കം പുലർച്ചയോടെ ഏതാണ്ട് പൂര്‍ത്തിയായി. സന്നിധാനത്ത് ക്യാമ്പ് ചെയ്തു മകരജ്യോതി ദര്‍ശിച്ചവരെ ഘട്ടംഘട്ടമായി പോലീസ് നിയന്ത്രണത്തിലാണ് മല ഇറക്കിയത്.
തിക്കും തിരക്കും ഒഴിവാക്കാന്‍ പ്രത്യേകമായ പാതകള്‍ ഓരോ ഭാഗത്തുനിന്നും നിശ്ചയിച്ചാണ് തീര്‍ഥാടകരെ പരമ്പരാഗത പാതയിലേക്ക് എത്തിച്ചത്. ഇതേസമയം പമ്പയില്‍ നിന്നുള്ള മല കയറ്റത്തിനും നിയന്ത്രണമുണ്ടായിരുന്നു. സന്നിധാനത്ത് നിലവിലുള്ള അയ്യപ്പഭക്തര്‍ ദര്‍ശനത്തിനുശേഷം മലയിറങ്ങിയശേഷമേ ഭക്തരെ മല കയറ്റുവെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇന്നു പുലര്‍ച്ചയോടെ അയ്യപ്പഭക്തര്‍ മല കയറിത്തുടങ്ങി.
തീര്‍ഥാടനപാതകളില്‍ യാത്ര സുഗമമാക്കാന്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും ശ്രദ്ധിച്ചു. രാത്രി മുഴുവന്‍ ഉദ്യോഗസ്ഥര്‍ നിരത്തുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു. കെഎസ്ആര്‍ടിസി ബസുകളും മുന്‍കൂട്ടി പമ്പയിലും നിലയ്ക്കലിലുമായി എത്തിച്ച് യാത്ര സുഗമമാക്കി. ഏറ്റവുമധികം ബസുകള്‍ ചെങ്ങന്നൂരിലേക്കാണ് ഓടിയത്.
ഇന്നലെ മകരവിളക്കിനുശേഷം നിരവധിപേര്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാനും കാത്തുനിന്നിരുന്നു. രാത്രിയില്‍ എഴുന്നള്ളത്തും നടന്നു.
ദര്‍ശനം 20 വരെ
ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് 20 വരെ ദര്‍ശനം സാധ്യമാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഇന്ന് 50,000 ആയി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.
നാളെ മുതല്‍ 20 വരെ 60,000 പേര്‍ക്ക് ബുക്കിംഗ് ഉണ്ടാകും. 20നു രാത്രി ഗുരുതിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. 21നു രാവിലെ പന്തളം രാജകൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധി ദര്‍ശനം നടത്തിയശേഷം നട അടയ്്്ക്കും.