തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. ചിത്തിര ആട്ടവിശേഷ കാലത്ത് പോലീസിന് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിൽ പ്രായോഗികമായ നിലപാട് സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. റിവ്യൂ ഹർജികൾ എതിരായാലും പ്രതിഷേധം തുടരുമെന്നും സുധാകരൻ പറഞ്ഞു. വേണ്ടി വന്നാൽ സമരത്തിന്റെ രീതിയും രൂപവും മാറ്റും. സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ ഉച്ചകഴിഞ്ഞ് മൂന്നിനു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലും റിട്ട് ഹർജികൾ രാവിലെ ചീഫ് ജസ്റ്റീസിന്റെ കോടതിയിലുമാണ് പരിഗണിക്കുന്നത്. ചേംബറിൽ അഭിഭാഷകരടക്കം ആർക്കും പ്രവേശനമില്ല.