തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ സർക്കാർ കണക്കിൽ ഇപ്പോഴും അവ്യക്തത. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ടു യുവതികൾ മാത്രമാണ് ദർശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. 51 പേർ ദർശനം നടത്തിയെന്നാണ് സർക്കാരിനുവേണ്ടി നേരത്തെ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ശബരിമല ദർശനത്തിന് എത്തുന്ന യുവതികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിർദേശം സുപ്രീംകോടതിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാരക്രിയ ചെയ്യാൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ല. ദേവസ്വം ഉദ്യോഗസ്ഥർ ആണ് ശുദ്ധിക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരനല്ല.
ശബരിമലയിൽ ആചാരലംഘനം ഉണ്ടായ സാഹചര്യത്തിൽ ദേവസ്വം അധികൃതരുടെ അനുമതി ഇല്ലാതെ തന്ത്രി നടയടച്ചതിനാലാണ് ദേവസ്വം ബോർഡ് വിശദീകരണം ആരാഞ്ഞത്. അതേസമയം, ദേവസ്വം മാന്വൽ അനുസരിച്ച് പ്രവർത്തിക്കാൻ തന്ത്രി ബാധ്യസ്ഥനാണ്. മണ്ഡല മകരവിളക്കുകാലത്തെ ആകെ വരുമാനവും കുറഞ്ഞു. ഇത്തവണ 180.18 കോടി രൂപയാണ് ആകെ ലഭിച്ചത്. കഴിഞ്ഞ വർഷം 279.43 കോടി രൂപ ആയിരുന്നു വരുമാനമെന്നും കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു.