ശബരിമല: ശബരിമലയിൽ ഇന്നു പുലർച്ചെ 3.15 ഓടെ രണ്ട് യുവതികൾ ദർശനം നടത്തി. ദർശനം നടത്തിയെന്ന അവകാശവാദവുമായി കോഴിക്കോട് സ്വദേശി ബിന്ദു (42), അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (45) എന്നിവർ രംഗത്തെത്തുകയും ചെയ്തു. പുലർച്ചെ മൂന്നിനു നട തുറന്ന് അരമണിക്കൂറിനുള്ളിൽ 3.48ന് ചുരിദാർ ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ സോപാനത്ത് കൊടിമരച്ചുവട്ടിലും ദർശനത്തിനു നീങ്ങുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിന്ദുവിന്റെയും കനകദുർഗയുടെയും അവകാശവാദം സ്ഥിരീകരണത്തിലേക്കു നീങ്ങുകയാണ്.
നേരത്തെ ഡിസംബർ 24നു രാവിലെ ശബരിമല ദർശനത്തിനായി ബിന്ദുവും കനകദുർഗയും എത്തിയിരുന്നു. മരക്കൂട്ടംവരെ എത്തിയ ഇവർ ശക്തമായ പ്രതിഷേധത്തേ തുടർന്ന് വലിയ നടപ്പന്തലിനു 50 മീറ്റർ അകലെനിന്നു തിരിച്ചുപോയിരുന്നു. ഇതിനുശേഷം ശബരിമല ദർശനം നടത്തുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു.
ശബരിമലയിൽ ദർശനം നടത്തുന്നതിനു ബിന്ദുവും കനകദുർഗയും പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. നിലവിലെ പരിമിതമായ സുരക്ഷ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നതായി പറയുന്നു. ഇന്നു രാവിലെ സന്നിധാനത്തു പോലീസ് പതിവില്ലാത്തവിധം സുരക്ഷ ശക്തമാക്കിയിരുന്നു. സ്പെഷൽ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ചരിത്രത്തിലേക്കു നടന്നു കയറിയെന്ന് ബിന്ദുവും കനകദുർഗയും
ശബരിമല: എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ ദർശനത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കുശേഷം ചരിത്രത്തിലേക്കു നടന്നു കയറുന്ന പ്രവേശനമാണ് ബിന്ദുവും കനകദുർഗയും നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങൾ.ഇന്നു പുലർച്ചെ ദർശനത്തിനു തങ്ങൾ എത്തുമെന്ന് ബിന്ദുവും കനകദുർഗയും പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നതായി പറയുന്നു. ഡിസംബർ 24നു ദർശനത്തിനെത്തി മടങ്ങേണ്ടിവന്ന ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും അവിടെ രണ്ടുദിവസം പോലീസുമായി നിരന്തരം ചർച്ചകൾ നടത്തുകയും ചെയ്തു.
തിരികെ ശബരിമലയിലേക്ക് പോകണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ മണ്ഡലപൂജയുടെ തിരക്ക് കാരണം സുരക്ഷ നൽകാനാകില്ലെന്ന് പോലീസ് കടുത്ത നിലപാടെടുത്തു. തുടർന്ന് നിരാഹാരത്തിലേക്ക് ഇവർ കടന്നപ്പോൾ മകരവിളക്കുകാലത്ത് എത്തിയാൽ സുരക്ഷ നൽകാമെന്ന ഉറപ്പ് പോലീസ് നൽകിയിരുന്നതായി ഇവർ അവകാശപ്പെടുന്നു.
പിന്നീട് നാട്ടിലേക്കുമടങ്ങിയതായി പറയുന്ന കനകദുർഗ വീട്ടിലെത്തിയിട്ടില്ലെന്ന് പറഞ്ഞ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ സുരക്ഷിതസ്ഥാനത്തുണ്ടെന്ന് അവകാശപ്പെട്ട് കനകദുർഗ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.അന്ന് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ ഇരുവരും വീണ്ടും മലയിലേക്കു പോകാൻ സാവകാശം തേടിയിരുന്നതായി പോലീസും പറയുന്നു. ബിന്ദു കോഴിക്കോട് ലീഗൽ സർവീസ് അഥോറിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സെന്ററിൽ അസോസിയേറ്റ് പ്രഫസറാണ്. കനകദുർഗ സപ്ലൈകോ മലപ്പുറത്തെ ഉദ്യോഗസ്ഥയുമാണ്.
ഇന്നു പുലർച്ചെ എന്തു നടന്നു ?
ശബരിമല: ഇന്നു പുലർച്ചെ ഒന്നോടെയാണ് ബിന്ദുവും കനകദുർഗയും പന്പയിലെത്തിയതെന്ന് പറയുന്നു. പുലർച്ചെയായിരുന്നതിനാൽ തീർഥാടകരുടെ മലകയറ്റത്തിൽ തിരക്കുണ്ടായിരുന്നില്ല. രണ്ട് മണിക്കൂറെടുത്താണ് ഇവർ മല കയറിയത്. നിഴൽ പോലീസ് സംഘം ഇവരെ അനുഗമിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രിതന്നെ യുവതികൾ മലകയറാനെത്തുന്നുവെന്ന സൂചന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു ലഭിച്ചിരുന്നു.
ഇരുമുടിക്കെട്ടില്ലാതെ എത്തിയ ഇവർ പതിനെട്ടാംപടി കയറിയിട്ടില്ലെന്നും സ്റ്റാഫ് ഗേറ്റ് വഴി സോപാനത്തേക്ക് വരികയായിരുന്നുവെന്നും പറയുന്നു. സോപാനത്തെ ദൃശ്യങ്ങളിൽ കൊടിമരച്ചുവട്് മുതൽ രണ്ട് സ്ത്രീകൾ നടക്കുന്നതു വ്യക്തമായി കാണാം.
ഫ്ളൈഓവറിലേക്കു കടത്താതെയും ക്യൂ നിർത്താതെയും ദർശനം നടത്തിയ ഇവരുടെ ദൃശ്യങ്ങൾ ഷാഡോ പോലീസ് പകർത്തുന്നുണ്ട്. അരമണിക്കൂറിനുള്ളിൽ യുവതികൾ തിരികെ ഇറങ്ങിപ്പോരികയും ചെയ്തു. പിന്നീട് രാവിലെ എട്ടോടെയാണ് തങ്ങൾ ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി ഇവർ ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകിയത്.
ഇതേത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം ഭാഗികമായി പരിശോധിച്ചപ്പോൾ യുവതികളെന്നു കരുതുന്ന രണ്ടുപേർ പുലർച്ചെ നട തുറന്നതിനു പിന്നാലെ കൊടിമരച്ചുവട്ടിലെത്തുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സ്ഥിരീകരണമില്ലെന്ന് ദേവസ്വം ബോർഡും പന്തളം കൊട്ടാരവും
ശബരിമല: ശബരിമലയിൽ രണ്ടു യുവതികൾ ദർശനം നടത്തിയെന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമയും പറഞ്ഞു. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനായി ശ്രമം തുടങ്ങിയതായും ഇവർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ഇതിന് ആധാരമായിട്ടുള്ളത്. യുവതികൾ എത്തിയിട്ടുണ്ടെങ്കിൽ എന്തുവേണമെന്നതു തന്ത്രി തീരുമാനിക്കുമെന്നും പന്തളം കൊട്ടാരം അറിയിച്ചു. സന്നിധാനത്തു തിരക്കിട്ട കൂടിയാലോചനകൾ ഇതുമായി ബന്ധപ്പെട്ടു നടന്നുവരുന്നു.
ബിന്ദുവിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി
കൊയിലാണ്ടി: ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ കൊയിലാണ്ടി സ്വദേശിയായ അഡ്വ. ബിന്ദുവിന്റെ പൊയില്‍കാവിലെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ സി.ഐ.കെ.ഉണ്ണികൃഷ്ണനെ ടെലഫോണില്‍ വിളിച്ചാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരന് പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഇതെത്തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. നേരത്തെ ശബരിമല ദര്‍ശനത്തിന് പോയപ്പോള്‍ ബിന്ദുവിന്റെ വിടിനു മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നാമജപം നടത്തിയിരുന്നു.
പ്രതികരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്
കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് . ഇക്കാര്യത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പോലീസാണ് പറയേണ്ടതെന്നും അദ്ദേഹം ‘രാഷ്ട്രദീപിക’യോട് പറഞ്ഞു.
വിശ്വസിക്കാനാവാതെ ബിജെപി
കോഴിക്കോട്: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ശബരിമലയില്‍ യുവതികള്‍ കയറിയെന്ന അവകാശ വാദത്തില്‍ ഞെട്ടി ബിജെപി. മലചവിട്ടാനെത്തിയ യുവനേരത്തെ ശബരിമലയിലേക്ക് പുറപ്പെടുകയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയും ചെയ്ത കനക ദുര്‍ഗയും ബിന്ദുവും ശബരിമല സന്ദര്‍ശനം നടത്തിയെന്ന അവകാശവാദത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡനന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ ആദ്യ പ്രതികരണം.
മലകയറിയതിനെ കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല. പമ്പ മുതല്‍ സന്നിധാനം വരെ സിസിടിവി കാമറകളുണ്ട്. കൂടാതെ പതിനെട്ടാംപടി കയറുകയാണെങ്കിലും അക്കാര്യം വ്യക്തമായി പുറത്തറിയാന്‍ കഴിയുമായിരുന്നുവെന്നും എങ്ങനെ കയറിയെന്നതിനെ കുറിച്ച് കൂടുതല്‍ പരിശോധിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
മഹാദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല: എ.കെ ബാലൻ
കോട്ടയം: ശബരിമലയിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ. രണ്ടു യുവതികൾ കയറി എന്നത് മുഖ്യമന്ത്രി സ്ഥിരീകരിച്ച കാര്യമാണ്. മുന്‍പ് കയറാൻ ശ്രമിച്ചിട്ടുള്ള യുവതികൾ തന്നെയാണ് ഇപ്പോൾ കയറിയിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആരോടും ശബരിമലയിൽ കയറാൻ തങ്ങൾ ആരോടും ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശനം ;യുവതികൾ കയറിയെന്നത് വസ്തുത; മുഖ്യമന്ത്രി
തിരുവനന്തപുരം: യുവതികൾ ശബരിമലയിൽ കയറിയെന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.ശബരിമലയിൽ നേരത്തെ മുതലേ യുവതികൾ കയറാൻ പോയിരുന്നു.
ഇത്രയും നാൾ യുവതികൾ കയറാതിരുന്നത് പല തടസങ്ങളും ഉണ്ടായിരുന്നതിനാലാണ്. എന്നാൽ ഇന്ന് ആ തടസങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ദർശനത്തിന് എത്തിയവർക്ക് പോലീസ് സംരക്ഷണം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല നട അടച്ചു
സന്നിധാനം: യുവതീ പ്രവേശം നടത്തിയതായുള്ള സ്ഥിരീകരണത്തിനു പിന്നാലെ ശബരിമല നട അടച്ചു. ശുദ്ധീകരണ ക്രിയകൾക്കു ശേഷം മാത്രമാകും നട തുറക്കുക. ഒരു മണിക്കൂർ ശുദ്ധികലശം നടത്തിയ ശേഷമാകും നട തുറക്കുകയെന്നാണ് അറിയുന്നത്.