കണമല: ശബരിമല യാത്രയില്‍ അയ്യപ്പഭക്തര്‍ പാപമോക്ഷം തേടി കല്ലിടുന്ന കല്ലിടാംകുന്നില്‍ പുലിയുടെ സാന്നിധ്യം. വനംവകുപ്പിന്റെ കാമറയിലാണ് കഴിഞ്ഞദിവസം പുലിയുടെ ദൃശ്യങ്ങള്‍ തെളിഞ്ഞത്. ഇതോടൊപ്പം കടുവകളുണ്ടോയെന്ന് അറിയാനായി 96 കാമറകള്‍ ഇന്നലെ വനത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചെന്ന് വനംവകുപ്പ് അറിയിച്ചു.
മുന്‍ വര്‍ഷം കാമറകളുടെ സഹായത്തോടെ നടത്തിയ കണക്കെടുപ്പില്‍ പമ്പാ റേഞ്ചിലെ ശബരിമല കാനനപാതയുള്പ്പെട്ട വനത്തില്‍ ആറ് കടുവകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം പുലിയുടെ ദൃശ്യങ്ങളില്ലായിരുന്നു. പെരിയാര്‍ കടുവ സങ്കേതമാണ് ഈ വനപ്രദേശം.
ശബരിമല ഇടത്താവളമായ അഴുതക്കടവിലെ നടപ്പാലം കഴിഞ്ഞാണ് കടുവ സങ്കേത സംരക്ഷിത വനം ആരംഭിക്കുന്നത്. തീര്‍ഥാടകര്‍ അഴുതയിലെ നടപ്പാലം കടന്ന് തുടരുന്ന കാനനയാത്ര ഇതുവഴിയാണ് കടന്നുപോകുന്നത്.
പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ ഒട്ടും ആശങ്ക വേണ്ടെന്ന് വനംവകുപ്പ് പറയുന്നു. തീര്‍ഥാടക സഞ്ചാരം ആരംഭിക്കുന്നതോടെ മൃഗങ്ങള്‍ ഉള്‍വലിയും. മനുഷ്യസാന്നിധ്യം ഒഴിയുമ്പോഴാണ് ഉള്‍വനത്തില്‍ നിന്നു മൃഗങ്ങള്‍ കാടിറങ്ങുക.