കണമല: എരുമേലിയിൽനിന്നു ശബരിമലയിലേക്കുള്ള പരമ്പരാഗത വനപാതയിൽ ഇന്നലെ മലയാളികളായ ഒരു സംഘം അയ്യപ്പഭക്തർ എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
നാളെയാണ് പാതയിലൂടെ തീർഥാടന യാത്ര അനുവദിക്കുകയെന്ന് വനപാലകർ പറഞ്ഞിട്ടും ഭക്തർ വഴങ്ങാതെ വന്നതോടെ ഒടുവിൽ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.
ഭക്തരുടെ കൂടെ വനപാലകർ സുരക്ഷയ്ക്കായി അനുഗമിച്ചാണ് യാത്ര അനുവദിച്ചതെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.വി. ജയൻ പറഞ്ഞു.
വനപാതയുടെ പ്രവേശന ഭാഗമായ കോയിക്കക്കാവ് ഭാഗത്ത് ഇന്നലെയാണ് സംഭവം. അഴുത കാളകെട്ടി ഇടത്താവളം വരെ വനപാലകർ പിന്തുടർന്നു.
തുടർന്ന് അഴുത നദിയിൽ സ്നാനം നടത്തിയ തീർഥാടകസംഘം വനപാതയിലൂടെ ശബരിമലയിലേക്ക് യാത്ര തുടർന്നെങ്കിലും വനപാലകർ ഇടപെട്ട് മുക്കുഴി ഇടത്താവളത്തിൽ ഇവർക്ക് തങ്ങാൻ ക്യാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.
കടകളും വെളിച്ചവും കുടിവെള്ളവും ചികിത്സയും ഉൾപ്പടെ സൗകര്യങ്ങൾ വനപാതയിൽ അടുത്തദിവസം മുതലാണ് പൂർണ തോതിൽ സജ്ജമാകുകയെന്നും അതുകൊണ്ടാണ് 17 വരെ യാത്രയ്ക്ക് അനുമതി നൽകാത്തതെന്നും വനംവകുപ്പ് പറയുന്നു.
കഴിഞ്ഞ നാല് വർഷമായി കാനനപാതയിൽ തീർഥാടകയാത്ര നിലച്ച സ്ഥിതിയിലായിരുന്നു. ഇത്തവണയാണു പൂർണ അനുമതി നൽകിയിട്ടുള്ളതെങ്കിലും രാത്രിയിൽ യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരം നാലോടെ പാത അടയ്ക്കും. വന്യമൃഗ സാന്നിധ്യം മുൻനിർത്തിയാണ് രാത്രിയാത്ര വിലക്കിയിരിക്കുന്നത്. അടുത്ത ദിവസം മുതൽ കടകൾ പ്രവർത്തനം തുടങ്ങുന്നതോടെ സുരക്ഷ ഉറപ്പാകും.
ഇന്നലെ അഴുത ഇടത്താവളത്തിൽ അയ്യപ്പഭക്ത സംഘത്തെ സന്ദർശിച്ചെന്നും വനപാതയിലെ യാത്രയുടെ മുൻകരുതലും ജാഗ്രതയും വിവരിച്ച് ബോധവത്കരണം നടത്തിയെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
17 മുതൽ പാതയിൽ തീർഥാടനയാത്ര പകൽ സമയം അനുവദിക്കും. ഇടവിട്ട് പട്രോളിംഗ് ഉണ്ടാകുമെന്നും വനംവകുപ്പ് അറിയിച്ചു. ഇന്നലെ തീർഥാടകർ വനപാതയിൽ എത്തിയത് സംബന്ധിച്ചു തെറ്റായ പ്രചരണം ഉണ്ടായെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
തെറ്റിദ്ധാരണ പകരുന്ന നിലയിൽ വാർത്ത പ്രചരിക്കപ്പെട്ടത് പരക്കേ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നു നാട്ടുകാർ പറഞ്ഞു.