എരുമേലി: ശബരിമല തീർഥാടന കാലത്തിന് ഇനി ഒരാഴ്ച കൂടി. 16 നാണ് മണ്ഡല കാലം തുടങ്ങുക. അതിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വകുപ്പുകൾ. അതേസമയം ചില വകുപ്പുകളിൽ ഇനിയും ഒരുക്കങ്ങൾ ആയിട്ടില്ല. അയ്യപ്പ ഭക്തർ എരുമേലിയിൽനിന്നു ശബരിമലയ്ക്ക് കാൽനടയായി സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാത തെളിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ പാതയിൽ യാത്ര അനുവദിച്ചിട്ടില്ല.
രാവിലെ മുതൽ വൈകുന്നേരം വരെയാണ് യാത്രയ്ക്ക് അനുമതി. വന്യമൃഗ സാന്നിധ്യം മനസിലാക്കുന്നതിനും മുന്നറിയിപ്പും മുൻകരുതൽ, സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനും വനം വകുപ്പിന്റെ സ്ക്വാഡ് ഇത്തവണയും നിരീക്ഷണത്തിന് ഉണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ വന സംരക്ഷണ സമിതി (വിഎസ്എസ്), എക്കോ ഡെവലപ്മെന്റ് കമ്മിറ്റി (ഇഡിസി) എന്നിവയുടെ പ്രവർത്തകരുടെ സഹായത്തോടെയാണ് കാനന പാതയിലെ കാടുകൾ വെട്ടിത്തെളിക്കുന്ന ജോലികൾ നടക്കുന്നത്. എരുമേലിയിൽ പേരൂർത്തോട് മുതലാണ് കാനനപാത തുടങ്ങുന്നതെങ്കിലും വനപാത ആരംഭിക്കുന്നത് കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതലാണ്.
തുടർന്ന് കാളകെട്ടി ക്ഷേത്രത്തിലെത്തുന്നതുവരെ എട്ട് കിലോമീറ്റർ ദൂരം വനത്തിലൂടെയാണ് സഞ്ചരിക്കേണ്ടത്. വഴിയിൽ ഇത്തവണയും ഓക്സിജൻ പാർലർ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാളകെട്ടിയിൽ ആരോഗ്യ വകുപ്പിന്റെ ചികിത്സാ കേന്ദ്രം തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഡോക്ടർമാരുടെ സേവനം സംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടില്ല. കാളകെട്ടി ക്ഷേത്രം കഴിഞ്ഞ് തൊട്ടടുത്തുള്ള അഴുത ഇടത്താവളത്തിലും ചികിത്സയ്ക്ക് സൗകര്യം ഒരുങ്ങിയിട്ടില്ല.
അഴുത നദി പാലത്തിലൂടെ കടന്ന് തുടർന്ന് പൂർണമായും വനത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത്. പാമ്പ് ഉൾപ്പടെ ഇഴജന്തുക്കൾ കടിച്ചുള്ള ആക്രമണം മൂലം മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഈ അപകടങ്ങളിൽ പെട്ടന്ന് വൈദ്യസഹായം ലഭ്യമായാലാണ് മരണം ഒഴിവാകുക. എന്നാൽ, തൊട്ടടുത്തുള്ള ഇടത്താവളങ്ങളായ കാളകെട്ടി, അഴുത എന്നിവിടങ്ങളിൽ ഇതിനുള്ള ചികിത്സ ലഭ്യമല്ല.
എരുമേലി ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാനും താമസം നേരിടുന്നു.വിഷ ബാധ പ്രതിരോധിക്കാനുള്ള ആന്റിവെനം എരുമേലി ആശുപത്രിയിൽ ഇത്തവണ ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.