കേരളത്തില്‍ നിന്നുള്ള ഒരേയൊരു കേന്ദ്ര മന്ത്രിയാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. സ്ഥാനം ഏറ്റെടുത്തപ്പോള്‍ തൊട്ട് ട്രോളന്മാരുടെ ആക്രമണത്തിനിരയായി വലയുകയാണ് അല്‍ഫോന്‍സ് കണ്ണന്താനം. അദ്ദേഹത്തിന്റെ വായില്‍ നിന്ന് വീഴുന്നതെന്തെന്ന് നോക്കിയിരിക്കുകയാണ് ട്രോളന്മാര്‍. അദ്ദേഹത്തിന്റെ തന്നെ ചില പരാമര്‍ശങ്ങള്‍ കൊണ്ട് ‘തള്ളന്താനം’ എന്നൊരു പേര് നേരത്തേ തന്നെ ട്രോളന്‍മാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുമുണ്ട്.
അതുകൊണ്ടൊന്നും തീര്‍ന്നില്ല, കണ്ണന്താനത്തിന്റെ ഏറ്റവും പുതിയ ‘തള്ളും’ പുറത്ത് വന്നിട്ടുണ്ട് എന്നാണ് പരിഹാസം. ശബരിമല സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് പുതിയ ചര്‍ച്ച. 36 വര്‍ഷം മുമ്പ് 32 മിനിട്ടുകൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതും സബ് കളക്ടറായിരിക്കേ…! ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ഞങ്ങളെങ്ങനെ അടങ്ങിയിരിക്കും എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.
32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് സന്നിധാനത്തെത്തണം എങ്കില്‍ സാധാരണ മനുഷ്യരെ കൊണ്ടൊന്നും പറ്റില്ല, അപ്പോള്‍ താങ്കള്‍ കണ്ണനായിരിക്കില്ല, ഹനുമാനായിരിക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്ക് 62.1 കിലോമീറ്ററുണ്ട്. ഈ ദൂരം ആണ് കണ്ണന്താനം വെറും 32 മിനിട്ടുകൊണ്ട് മറികടന്നത്. ഭയങ്കരം തന്നെ അല്ലേ…!
ആദ്യത്തെ രണ്ട് മിനിട്ടേ അങ്ങനെ ഓടിക്കാണൂ… അത് കഴിഞ്ഞപ്പോള്‍ ഇങ്ങനെ താങ്ങി എടുത്ത് കൊണ്ടുപോയിക്കാണും, ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരെ ശബരിമലയില്‍ കൊണ്ടുപോകാന്‍ ഇങ്ങനേയും സംവിധാനമുണ്ട്, എന്നിങ്ങനെ പോവുന്നു ട്രോളുകള്‍. ഇക്കൂട്ടത്തില്‍ കുമ്മനം രാജശേഖരനെയും ട്രോളന്മാര്‍ എടുത്തിടുന്നുണ്ട്. ഏതായാലും അല്‍ഫോന്‍സിനെ വിട്ടുകളിക്കാന്‍ ട്രോളന്മാര്‍ തയാറല്ലെന്നാണ് നിലവില്‍ വ്യക്തമാവുന്നത്.