മണ്ഡലകാലത്തിനു പൊന്നമ്പലമേടൊരുങ്ങി. അയ്യപ്പനെ കാണാൻ ലോകമെമ്പാടുമുള്ള ഭക്തരുടെ ഒഴുക്കാണ് ശബരിമലയിൽ. പൊന്നു പമ്പയിൽ കുളിച്ചു കയറി അയ്യപ്പ ദർശനം നടത്താൻ കന്നി അയ്യപ്പന്മാരും ഭക്തിയോടെ തൊഴുതു മല കയറാൻ വരുന്നു.
ഇപ്പോഴിതാ അച്ഛൻ ഭീമാ ശേഖറിനും നാല് വയസുകാരി ചേച്ചി കൃഷ്ണവേണിക്കും ഒപ്പം മല കയറാൻ വന്ന കന്നി അയ്യപ്പനാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
ഭീമാ ശേഖറിനും ഭാര്യ മഹേശ്വരിക്കും ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ തങ്ങൾക്ക് ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന് നേർച്ച നേർന്നു.
അതിന്റെ ഫലമായാണ് മൂന്നാമത് ആൺകുഞ്ഞ് ജനിച്ചത്. അതുകൊണ്ടു തന്നെ തങ്ങൾ നേർന്ന നേർച്ച നിറവേറ്റാൻ പതിനൊന്നു മാസമായ കുഞ്ഞിനെ ഇത്തവണ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിച്ചിരിക്കുകയാണ് ഭീമാ ശേഖർ. കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്.
ബംഗളൂരുവിൽ നിന്ന് കാറിലാണ് ഭീമാ ശേഖർ ശബരിമലയിലെത്തിയത്. മൂത്ത മകൾ കൃഷ്ണപ്രിയയും പത്നി മഹേശ്വരിയും തങ്ങളുടെ വരവിനായി കണ്ണും നട്ട് വീട്ടിലിരിക്കുകയാണ്.