സ്വന്തം ലേഖകൻ
കണ്ണൂർ: ശബരിമലയിലേക്കു കാൽനടയായി യാത്ര ചെയ്യുന്ന സംഘം കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നു. കണ്ണൂർ ആശുപത്രി-അഴീക്കോട്-പുതിയതെരു റൂട്ടിലോടുന്ന ആർബിടി ബസ് ക്ലീനർ എം. സതീശന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണു കഴിഞ്ഞ 25 വർഷമായി കാൽനടയായി ശബരിമലയിലേക്കു പോകുന്നത്.
ഈ വർഷത്തെ യാത്ര വെള്ളിയാഴ്ച ആരംഭിച്ചു. റോഡരികിലൂടെ ശരണം വിളിച്ചു വിശ്രമിച്ചു 23 ാമത്തെ ദിവസമാണു സന്നിധാനത്ത് എത്തുക. എല്ലാവർഷവും നവംബറിലെ ആദ്യത്തെ ആഴ്ചയാണു സംഘം ശബരിമലയിലേക്കു പോകാറുള്ളത്.
സതീശനെ കൂടാതെ അഴീക്കോട്, പഴയങ്ങാടി, ഏഴോം, പള്ളിക്കടവ്, അലവിൽ, ചിറക്കൽ എന്നിവരടങ്ങുന്ന സ്വാമിമാരും ഇദ്ദേഹത്തിന്റെ കൂടെയുണ്ട്. കണ്ണൂരിൽ നിന്നും ബസ് കയറി കൊല്ലൂർ മൂകാംബികയിൽ എത്തിയശേഷം കെട്ടുനിറച്ച് അവിടെ നിന്നുമാണു കാൽനടയാത്ര തുടങ്ങുന്നത്.
പുലർച്ചെ മൂന്നുമുതൽ പത്തുവരെയും ഉച്ചകഴിഞ്ഞു മൂന്നുമുതൽ രാത്രി ഒൻപതുവരെയുമാണു നടക്കുക. തുടർന്ന് അടുത്തുള്ള ക്ഷേത്രങ്ങളിൽ വിശ്രമിക്കും. മിക്ക ദിവസങ്ങളിലും ഉച്ചയൂണ് റോഡരികിലെ വീടുകളിൽ നിന്നും ലഭിക്കാറുണ്ടെന്നു സതീശൻ പറയുന്നു. ഇതിനായി ചിലർ കാത്തിരിക്കും. കുട്ടികൾ ബിസ്ക്കറ്റും പഴങ്ങളും വെള്ളവും നൽകും. നടക്കുന്പോൾ ക്ഷീണം തോന്നിയാൽ റോഡരികിലെ കടകളിൽ വിശ്രമിക്കും. മുഖം കഴുകി വിശ്രമിച്ചശേഷം വീണ്ടും യാത്ര തുടരുകയാണു പതിവ്.
കഴിഞ്ഞ 25 വർഷമായി നടന്നു മലചവിട്ടാൻ പോകുന്നതു കൊണ്ടു റോഡരികിലെ വീടുകളിലെ പലർക്കും പരിചിതമായി. 25 വർഷം നടന്നു ശബരിമലയിലേക്കു പോകുന്ന സംഘത്തെ ഇന്നലെ നടാൽ പുന്നക്കൽ മഠത്തിൽ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ പൊന്നാട നൽകി സ്വീകരിച്ചു.
എരുമേലിയിൽ പേട്ട തുള്ളിയശേഷം കരിമല കയറിയാണു സംഘം പന്പയിലെത്തുക. തുടർന്നു പന്പയിൽ കുളിച്ചു നീലിമല കയറി സന്നിധാനത്ത് എത്തും. അഭിഷേകവും ദർശനവും നടത്തി മലയിറങ്ങുന്ന സംഘം ദർശനപുണ്യത്തിന്റെ നിർവൃതിയിൽ മലയിറങ്ങും. ട്രെയിൻമാർഗം കണ്ണൂരിലേക്കു തിരിക്കുന്ന സംഘം അടുത്തവർഷവും നടന്നുപോകാനുള്ള മനകരുത്തിനായി പ്രാർഥിക്കും.