ആർഎസ്എസ് തീറ്റിപ്പോറ്റുന്ന ശബരിമല കർമസമിതി ആട്ടിൻതോലിട്ട ചെന്നായയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല കർമസമിതിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമല കർമസമിതി ആട്ടിൻതോലിട്ട ചെന്നായ ആണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കർമസമിതി. ശബരിമലയുമായി ബന്ധപ്പെട്ട് ഇവർ നടത്തുന്ന കള്ളപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയും. വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്.

ശബരിമല സംബന്ധിച്ച കേസ് സുപ്രീംകോടതി വരെ എത്തിച്ചത് ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ്. ആരാണ് അവർക്ക് അനുവാദം നൽകിയതെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വയനാട്ടിൽ മത്സരിക്കാതെ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ കഴിയുമോ എന്ന ബിജെപി നേതാക്കളുടെ ചോദ്യം അപഹാസ്യമാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത്. മോദിയുടെ വർഗീയകളി ഇവിടെ ചിലവാകില്ല. വർഗീയ പരാമർശങ്ങൾ നടത്തി മോദി പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജനങ്ങളെ അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Related posts