ശബരിമല: ശബരിമല ക്ഷേത്രത്തിൽ യൗവന യുക്തകളായ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രനട അടച്ചിടുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനോട് 101 ശതമാനവും യോജിക്കുന്നതായി ശബരിമല – മാളികപ്പുറം ദേവീക്ഷേത്ര മേൽശാന്തി അനീഷ് പോറ്റി. ശബരി മല ക്ഷേത്രത്തിന്റെ അവസാന വാക്ക് തന്ത്രിയാണ്. പിതാവിന്റെ സ്ഥാനമാണ് തന്ത്രിക്കുള്ളത്.
ചെങ്ങന്നൂർ താഴമൺ മഠത്തിലെ തന്ത്രിമാരാണ് ശബരിമലയിൽ പ്രതിഷ്ഠനടത്തിയത്. ഇക്കാരണത്താൽതന്നെ അയ്യപ്പന്റെ പിതൃസ്ഥാനീയരാണ് താഴമൺ കുടുംബത്തിലെ തന്ത്രിമാർ. തന്ത്രവിധി പ്രകാരം തന്ത്രിമാർക്കാണ് ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ നിലപാടെടുക്കേണ്ട അവസാന വ്യക്തി. ഇതുകൊണ്ടുതന്നെ തന്ത്രിപറയുന്നത് പൂർണമായി അനുസരിക്കുമെന്നും അദ്ദേഹത്തിന്റെ നിലപാടിനോട് പൂർണമായും ജോയിക്കുന്നതായും അനീഷ് പോറ്റി രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ പതിനെട്ടാംപടിക്കു മുന്നിൽ നാമജപം നടത്തിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. എന്നാൽ, മാളികപ്പുറം മേൽശാന്തിയുടെ കൂടെ പ്രവർത്തിക്കുന്ന പരികർമികളുടെ പേരുവിവരങ്ങൾ മാത്രമാണ് ചോദിച്ചിരിക്കുന്നത്. ഇന്നലെ രാത്രിമുതൽ സന്നിധാനത്ത് കൂടുതൽ ഭക്തർ ദർശനത്തിനായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് കോടതി അലക്ഷ്യമാണെന്ന ബോർഡ് അംഗം ശങ്കർ ദാസിന്റെ പ്രതികരണം ക്ഷേത്ര ആചരങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന നിലപാടിലാണ് വിശ്വാസികൾ. ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രിയുടെ നിലപാടാണ് അവസാന വാക്ക്. പ്രതിഷ്ഠയ്ക്കുമേൽ അധികാരമുള്ള ഏക വ്യക്തിയും തന്ത്രി മാത്രമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങളുള്ള മൈനർ വ്യക്തിയാണ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയെന്ന് പത്തനംതിട്ടയിലെ അഭിഭാഷകൻ അഡ്വ. പി.ആർ. സോജി ചൂണ്ടിക്കാട്ടി. ആചാരലംഘനമുണ്ടാകുന്ന സാഹചര്യമുണ്ടായൽ ക്ഷേത്രനട അടച്ചിടാം. പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന നിലപാടാണ് ബോർഡും സർക്കാരും തുടരുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
ഇന്നലെ പ്രതിഷേധ സമരക്കാർക്കൊപ്പം പതിനെട്ടാം പടിക്കുമുന്നിൽ നാമജപ പ്രാർഥനകളുമായി ഒത്തുകൂടിയ തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമികൾക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ക്ഷേത്ര പരിസരത്താണ് നാമജപം നടത്തിയതെന്നും ഇതിൽ തെറ്റില്ലെന്നുമാണ് മേൽശാന്തിയുടെ ഉൾപ്പെടെ നിലപാട്. മനസിന് വേദനയുണ്ടാകുന്പോൾ വിശ്വാസികൾ പ്രാർഥിക്കുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് ഇന്നലെ പരികർമികൾ ചെയ്തതെന്ന് മാളികപ്പുറം മേൽശാന്തി അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡിനും യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭിന്ന അഭിപ്രായമാണ് നിലനിൽക്കുന്നത്.
സിപിഎമ്മിന്റെ നിലപാടിനോട് പൂർണമായും യോജിക്കാത്ത പല നിലപാടുകളും അംഗങ്ങൾക്കിടയിൽനിന്നും ഉയരുന്നുണ്ട്. യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെങ്കിൽ ആചാരങ്ങളിൽ വിശ്വാസമുള്ള യുവതികളിൽ ആരും തന്നെ ശബരിമലയിൽ എത്തില്ലെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണം.
ഇന്നലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈക്കൊണ്ട നിലപാടാണ് സന്നിധാനത്തുണ്ടായ പ്രതിഷേങ്ങളുടെ മൂർച്ച കുറച്ചത്. ആക്ടിവിറ്റുകൾകൾക്കും വിശ്വാസമില്ലാത്തവരും ശബരിമലയിൽ എത്തേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. എന്നാൽ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ വീണ്ടും പ്രതിഷേധം ഇരട്ടിക്കുന്നതും കാണാമായിരുന്നു.
അതേസമയം ഇന്ന് രാവിലെ പന്പയിലും സന്നിധാനത്തും സ്ഥിതിഗതികൾ ശാന്തമാണ്. യുവതികൾ ആരും ഇതേവരെ എത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ ഒന്നിലധികം സ്ത്രീകൾ പ്രേവേശനാവശ്യവുമായി എത്തിയിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് പഴുതടച്ച സുരക്ഷയാണ് എല്ലാ കേന്ദ്രങ്ങളിലും തീർത്തിരിക്കുന്നത്. സന്നിധാനത്ത് രാവിലെ മുതൽ മഴയാണെങ്കിലും തീർഥാടകരുടെ വരവിൽ കാര്യമായ കുറവില്ല.