സ്വന്തം ലേഖകൻ
തൃശൂർ: ശബരിമല തീർഥാടനകാലത്ത് കൂടുതൽ പോലീസിനെ നൽകണമെന്ന് അന്യസംസ്ഥാനങ്ങളോട് കേരളപോലീസിന്റെ അഭ്യർഥന. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പോലീസിനെ നൽകണമെന്ന് സംസ്ഥാനങ്ങളോട് കേരള പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വനിതപോലീസുകാരടക്കമുള്ളവരെ ശബരിമല ഡ്യൂട്ടിക്ക് നൽകാമെന്ന് പല അയൽസംസ്ഥാനങ്ങളും സമ്മതിച്ചിട്ടുമുണ്ട്.
ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി അയ്യായിരം പോലീസുകാരെയാണ് നിയമിക്കുന്നത്. ഇതിനായി സന്നിധാനം, പന്പ, നിലയ്ക്കൽ, വടശേരിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വർധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ചർച്ച ചെയ്യാനായി പോലീസ് ആസ്ഥാനത്ത് നടന്ന ഉന്നതലയോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.സംസ്ഥാന പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ഇത്തവണ കെഎസ്ആർടിസി സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കും. ഈ സംവിധാനത്തിലൂടെ തീർഥാടകർ ദർശനത്തിന് എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയാൻ കഴിയും. ഇതിനായുള്ള പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകും.
അടിയന്തിര ഘട്ടങ്ങൾ നേരിടാൻ കഴിഞ്ഞ വർഷങ്ങളിലെ പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷൻ ഫോഴ്സിനെയും എൻ.ഡി.ആർ.എഫിനേയും നിയോഗിക്കും.സുഗമമായ ദർശനം സാധ്യമാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തും.
ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കർശന നടപടി സ്വീകരിക്കാനും പോലീസിന്റെ ഉന്നതതല യോഗത്തിൽ തീരുമാനമായി.തുലാമാസ പൂജകൾക്ക് നടതുറന്നപ്പോൾ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ച് വരാൻ പോകുന്ന തീർത്ഥാടന കാലത്ത് ക്രമസമാധാനനില ഉറപ്പുവരുത്തുന്നിന് ശക്തമായ പോലീസ് ബന്തവസ് ഏർപ്പെടുത്തും.
ഭക്തരുടെ തിരക്ക് കുറയ്ക്കുക, സുരക്ഷ ഉറപ്പുവരുത്തുക, സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുക എ്ന്നിവയ്ക്കാണ് ഉൗന്നൽ നൽകുക. സന്നിധാനം, ഗണപതി കോവിലിൽ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കൽ, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ തിരക്കു നിയന്ത്രിക്കുന്നതിനും വനിതാ തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിരവധി നിർദ്ദേശങ്ങൾ യോഗത്തിലുയർന്നു. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും മുൻപ് ഡിജിപി സർക്കാരുമായി ചർച്ച ചെയ്യും.