തിരുവനന്തപുരം: വിശ്വാസികളല്ലെന്നു വിശ്വാസികൾ കരുതുന്ന രണ്ടു സ്ത്രീകൾ ശബരിമലയിൽ കയറിയതു സർക്കാരിനും എൽഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നന്ന അഭിപ്രായമുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണു കോടിയേരിയുടെ തുറന്നുപറച്ചിൽ. പാർട്ടിയും ഭരണവും ജനങ്ങൾക്കുമുകളിലല്ലെന്നും കോടിയേരി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു മതിപ്പുണ്ട്. എന്നാൽ സർക്കാർ നേട്ടങ്ങളെ മുക്കിക്കളയുന്ന വിവാദങ്ങൾ ഉണ്ടാകുന്നു. അതു തിരുത്തപ്പെടണമെന്നു സിപിഎം പ്രവർത്തകർ വീടുകൾ സന്ദർശിച്ചതിൽനിന്നു വ്യക്തമായെന്നു കോടിയേരി പറഞ്ഞു. അടുത്ത മാസം ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസഹിഷ്ണുതയും അതൃപ്തിയും നിറഞ്ഞ സമീപനം പാർട്ടിക്കില്ല. പരിഹരിക്കേണ്ടവ പരിഹരിക്കും. തിരുത്തേണ്ടവ തിരുത്തും. പാർട്ടിയും ഭരണവും ജനങ്ങൾക്കുമുകളിലല്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തു സംസ്ഥാന സർക്കാരും എൽഡിഎഫും സിപിഎമ്മും മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.
സാമൂഹ്യയാഥാർഥ്യം മനസ്സിലാക്കി നിലപാടെടുക്കുന്ന പ്രസ്ഥാനമാണു കമ്യൂണിസ്റ്റുകാരുടേത്. ബ്രാഹ്മണർ ഉൾപ്പെടെ സവർണഹിന്ദുക്കളിൽ നല്ലൊരു വിഭാഗം ഇന്നു സാന്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണു പിന്നാക്കസമുദായ സംവരണം നിലനിൽക്കെത്തന്നെ ഉയർന്ന ജാതിയിലെ പാവപ്പെട്ടവർക്കു നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിർദേശം സിപിഎം ആവശ്യപ്പെട്ടത്. ചേരികൾക്കു സമാനമായ ദുഃസ്ഥിതിയിൽ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.