കോന്നി: ശബരിമല തീർഥാടകർക്കായി ഇടത്താവള വികസനം അടക്കമുള്ള പദ്ധതികൾ കോന്നിയിൽ നടപ്പാക്കും. മുരിങ്ങമംഗലം ശബരിമല ഇടത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്തുതല യോഗത്തിൽ വിലയിരുത്തി. തീർഥാടകർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഇടത്താവളം സജ്ജീകരിക്കും. ഇടത്താവളവും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും ആരംഭിച്ചു. ലൈഫ് ഗാർഡിനെ നിയോഗിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇടത്താവളത്തിൽ പോലീസ് എയ്ഡ് പോസ്റ്റിനുള്ള സൗകര്യം ഒരുക്കും. കുടിവെള്ളം ലഭിക്കുന്നതിനായി ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി. കുഴൽ കിണർ നിർമിക്കുന്ന നടപടികളും ആരംഭിച്ചു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ തീർഥാടനകാലം ആരംഭിക്കുന്നതിന് മുന്‍പായി പൂർത്തീകരിക്കും. കുളിക്കടവിലെ ചെളിനീക്കം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും. വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകളും ഇടത്താവളം അടയാളപ്പെടുത്തുന്ന സൂചനാ ബോർഡുകളും സ്ഥാപിക്കും.
കോന്നി ടൗണിൽ പോലീസ് എയ്ഡ് പോസ്റ്റ് നിലവിലുണ്ടാകുമെന്നും യോഗത്തിൽ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രജനി, വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയിൽ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ദീനാമ്മ റോയ്, ഗ്രാമപഞ്ചായത്ത് അംഗം സുലേഖ വി.നായർ, സെക്രട്ടറി ജയപാലൻ, പഞ്ചായത്ത് എൻജിനീയർ അനീഷ് കുമാർ തൊഴിലുറപ്പ് എൻജിനീയർ രല്ലു പി.രാജൻ, പ്രവീണ്‍ ബ്ലാത്തേത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.