കോട്ടയം: മണ്ഡലകാലം നാളെ ആരംഭിക്കുന്പോൾ ജില്ലയിലെ ചില പ്രധാന ഇടത്താവളങ്ങിളിൽ ഒരുക്കങ്ങൾ ഒന്നുമായില്ല. ആറു ലക്ഷത്തോളം തീർഥാടകർ കടന്നു പോകുന്ന കോട്ടയം റെയിൽവേ സ്റ്റേഷനിലും ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. എരുമേലി, വൈക്കം എന്നിവിടങ്ങളിൽ മുന്നൊരുക്കം ആരംഭിച്ചിട്ടേയുള്ളു. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ, എരുമേലി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ അയ്യപ്പന്മാർക്ക് ദർശനത്തിനും വിരിവെക്കുന്നതിന് വിപുലമായസൗകര്യം ഒരുക്കണം.
എരുമേലിയടക്കം അവലോകനയോഗം ചേർന്നെങ്കിലും യോഗത്തിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ ഇനിയും പരിഹരിച്ചിട്ടില്ല. അടുത്തയാഴ്ച ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ കൂടുതലായും എത്തും. തീർഥാടകരിൽ വലിയവിഭാഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽവന്നാണ് എരുമേലി വഴി ശബരിമലക്ക് പോകുന്നത്. ടാക്സി നിരക്ക് ഏകീകരണം അടക്കമുള്ള കാര്യങ്ങളിൽ അനിശ്ചിതത്വമുണ്ട്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും 24 മണിക്കൂറും കെഎസ്ആർടിസി സർവിസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.മണ്ഡലകാലത്ത് കോട്ടയം റെയിൽവേ സ്റ്റേഷൻ വഴി ആറുലക്ഷത്തോളം തീർഥാടകരാണ് കടന്നു പോകുന്നത്. പുതിയസാഹചര്യത്തിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് കുടുതൽ തീർഥാടകർ എത്തുമെന്നാണ് കണക്കുകൂട്ടൽ. പ്രതിദിനം 12,000 തീർഥാടകരെങ്കിലും വരാനാണ് സാധ്യതെന്ന് കണക്കാക്കുന്നു.
മകരവിളക്കു കാലത്ത് ദിവസം 40,000 പേർ വരെ എത്താറുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണു ട്രെയിനിൽ എത്തുന്നതിൽ 70 ശതമാനവും. ശബരിമല തീർഥാടകർക്കായി ഒരുക്കിയ പിൽഗ്രിം ഷെൽറ്ററാണ് ഇവരിൽ പലരും വിശ്രമത്തിനായി ഉപയോഗിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾ തീർഥാടനത്തിനെത്തിയാൽ റെയിൽവേ സ്റ്റേഷനിലെ പരിമിത സൗകര്യങ്ങൾ പോരാതെവരും. കോട്ടയം കഐസ്ആർടിസി ബസ്സ്റ്റാൻഡിലും ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
കൂടുതൽ ശുചിമുറികൾ, സുരക്ഷിത വിരിപ്പന്തൽ എന്നിവ ആവശ്യമാണ്. സ്റ്റാൻഡും പരിസരവും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. ഇതും പരിഹരിക്കണം. എരുമേലിയിൽ സ്ഥല പരിമിതിയാണ് തീർഥാടകരെ കാത്തിരിക്കുന്നത്. അഞ്ചേക്കർ സ്ഥലം ഇനിയും വികസനത്തിനുവേണ്ടിവരും. നിലവിൽ 13 ഏക്കർ സ്ഥലമുണ്ട്. ഇവിടെയാണ് ക്ഷേത്രവും പാർക്കിംഗ് മൈതാനങ്ങൾ, കെട്ടിടങ്ങൾ, സ്കൂൾ എന്നിവയുള്ളത്.
വിരിവെക്കാൻ സ്ഥിരമായി പുതിയ ഷെൽറ്റർ നിർമാണം ഈ സീസണിൽ സാധ്യമാവുമോ എന്ന കാര്യത്തിലും തീർച്ചയില്ല. സ്ത്രീകൾ എത്തുന്ന സാഹചര്യമുണ്ടായാൽ പേരൂത്തോട്, കോയിക്കക്കാവ്, അഴുത, കാളകെട്ടി, കല്ലിടാംകുന്ന്, കരിമല വഴി കടന്നുപോകുന്ന 37 കിലോമീറ്റർ പരന്പരാഗത കാനനപാതയിലും കൂടുതൽ സുരക്ഷാസംവിധാനം ഏർപെടുത്തേണ്ടിവരും.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാലങ്ങളിൽ ദിവസേന പതിനായിരത്തിലധികം അയ്യപ്പഭക്ത·ാരാണു ദർശനത്തിനെത്തുന്നത്. തീർഥാടകരുടെ എണ്ണത്തിൽ ഇത്തവണ 50 ശതമാനത്തിൽ അധികം വർധനയുണ്ടാകുമെന്നാണ് ദേവസ്വം അധികൃതരുടെ പ്രതീക്ഷ.
നിലവിൽ 1800 പേർക്ക് വിരിവയ്ക്കാൻ സൗകര്യമുണ്ട്. 37 ശുചിമുറികളാണുള്ളത്. മണ്ഡലകാലങ്ങളിൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരുന്ന എല്ലാ അയ്യപ്പഭക്തർക്കും ഉച്ചയ്ക്കും രാത്രിയിലും സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. 24 മണിക്കൂറും പൊലീസ് സേവനവുമുണ്ട്. ഇനി കൂടുതലായി വനിത പൊലീസിനെയും നിയോഗിക്കേണ്ടിവരും.