കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ ദര്ശനത്തിനൊരങ്ങുന്ന യുവതികളെ തേടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഫേസ്ബുക്ക് വഴിയും മറ്റു സമൂഹമാധ്യമങ്ങള്‍ വഴിയും ശബരിമലയിലേക്ക് പോവുമെന്ന് പ്രഖ്യാപിച്ചവരേയും പോവാന്‍ സാധ്യതയുള്ളവരേയും കുറിച്ചാണ് ജില്ലാടിസ്ഥാനത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ സ്പെഷ്യല്‍ബ്രാഞ്ചും വിവരം ശേഖരിക്കുന്നത്.
കോടതിവിധിക്കു പിന്നാലെ തുലാമാസ പൂജകള്‍ക്കായി നടതുറക്കുന്ന അവസരത്തില്‍ കോഴിക്കോട് നിന്നും ഒരു സംഘം യുവതികള്‍ ശബരിമലയിലേക്ക് പോവുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം നട അടയ്ക്കുന്നതു വരെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇനിയും യുവതികള്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ശബരിമലയിലേക്ക് യുവതികള്‍ വരുന്നുണ്ടോയെന്ന് അറിയിപ്പ് നല്കാന് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം നടത്തുന്നത്. സോഷ്യല്‍മീഡിയവഴിയുള്ള സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് നിരീക്ഷണം നടത്തുന്നത്.
ചുംബനസമരത്തില്‍ പങ്കെടുത്ത ചിലര്‍ ശബരിമലയിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് കോഴിക്കോട് നിന്നും സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ തയാറായിരുന്നില്ല. രഹ്ന ഫാത്തിമ ഇന്നലെ മലകയറിയതുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ചകള്‍ വിവാദമായ സാഹചര്യത്തില്‍ പോലീസിനുള്ളില്‍ നിന്നുണ്ടാവുന്ന ഇത്തരത്തിലുള്ള എല്ലാ സാധ്യതകളും പരിശോധിക്കാനും നിരീക്ഷിക്കാനുമാണിപ്പോള് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ സ്പെഷല്‍ ബ്രാഞ്ചും ഇക്കാര്യം പരിശോധിക്കുന്നുണ്ട്.