കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ കോട്ടയത്ത് ശബരിമല തീർഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കോട്ടയം റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസ് സ്റ്റാൻഡിലുമാണ് തീർഥാടകരുടെ തിരക്കേറെയുള്ളത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു കെഎസ്ആർടിസി വെള്ളിയാഴ്ച മുതൽ പന്പയിലേക്ക് സർവീസുകൾ ആരംഭിച്ചിരുന്നു. ഇന്നലെ 20 ബസുകൾ സർവീസ് നടത്തി. ഇക്കൊല്ലം തീർഥാടക തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്നു മതുൽ കൂടുതൽ ബസുകൾ എരുമേലിക്കും പന്പയ്ക്കും ഓടിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി അധികൃതർ.
ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ തീർഥാടകരെത്തുന്നത്. ആന്ധ്രയിൽനിന്ന് ഇന്നലെ ആദ്യ സ്പെഷൽ ട്രെയിൻ എത്തി. അടുത്ത ദിവസം മുതൽ കോട്ടയത്തിനും കൊല്ലത്തിനും വിവിധയിടങ്ങളിൽനിന്ന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ എത്തും. ട്രെയിനുകളിൽ തീർഥാടകർ കൂടുതൽ എത്തുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. എപ്പോഴും റെയിൽവേ സ്റ്റേഷനു മുന്പിൽ പന്പയ്ക്കുള്ള ഒരു ബസ് ഉണ്ടാകും.
പന്പ സർവീസ് ബസുകളുടെ പാർക്കിംഗ് ഗുഡ്സ് റോഡിലാണ് ക്രമീകരിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ പന്പ സർവീസ് സ്പെഷൽ ഓഫീസറുടെ നേതൃത്വത്തിൽ താത്കാലിക സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ തിരക്ക് കൂടുന്പോൾ കോട്ടയം ഡിപ്പോയിലെത്തുന്ന ബസുകൾ പിടിച്ച് പന്പയ്ക്ക് അയക്കാനും നിർദേശമുണ്ട്.
പ്രധാന ഇടത്താവളമായ എരുമേലിയിലും തിരക്കേറി. എരുമേലിയിൽ അയ്യപ്പൻമാരുടെ ചെറിയ സംഘങ്ങൾ പേട്ടതുള്ളൽ തുടങ്ങി. ഇടത്താവളങ്ങളായ ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ എന്നിവിടങ്ങളിലും തീർഥാടകരുടെ തിരക്ക് തുടങ്ങി. കെകെ റോഡിലും പാലാ -പൊൻകുന്നം റോഡിലും തീർഥാടക വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. പരന്പരാഗത കാനനപാതയിൽ വലിയ തിരിക്കില്ല.